മഹാരാഷ്ട്രയില്‍ താക്കറെ-പവാർ കുടുംബവാഴ്ചയുടെ കോട്ട തകർത്ത് ബി ജെ പി തേരോട്ടം; ഇത് മാറുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ സൂചന?
മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിൻ്റെ വൻ വിജയത്തിൽ നിലനിൽപ്പ് പോലും വെല്ലുവിളിക്കപ്പെട്ട നിലയിലാണ് പ്രതിപക്ഷ കക്ഷികൾ. ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും എൻസിപി ശരദ് പവാർ വിഭാഗത്തിനും വലിയ തിരിച്ചടിയാണ് തങ്ങളുടെ സ്വാധീന മേഖലകളിലടക്കം ഉണ്ടായത്. ഇതോടെ രാഷ്ട്രീയത്തിലെ കുടുംബാധിപത്യ പ്രവണത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയിൽ പുതിയൊരു രാഷ്ട്രീയം രാജ്യത്ത് ഉടലെടുത്തുവെന്നാണ് രാഷ്ട്രീയ രംഗത്തെ വിലയിരുത്തൽ.
തെരഞ്ഞെടുപ്പ് വിജയത്തോടെ താക്കറെ കുടുംബത്തിൽ നിന്ന് ശിവസേനയെന്ന പാർട്ടിയുടെ യഥാർത്ഥ നേതാവെന്ന നേട്ടം മഹാരാഷ്ട്രയിലെ നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് കൈവന്നു. ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്കുള്ള ഷിൻഡെയുടെ വളർച്ച വലിയ തോതിലാണ് ഇപ്പോൾ അഭിനന്ദിക്കപ്പെടുന്നത്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം രാജ്യത്ത് കുടുംബങ്ങൾക്ക് സ്വാധീനമുള്ള മറ്റ് സംസ്ഥാനങ്ങളിലും പുനർവിചന്തനത്തിന് വിരൽചൂണ്ടുന്നുണ്ട്.
ഷിൻഡെയെ ചതിയൻ എന്ന് വിളിച്ച് ശിവസേന താക്കറെ വിഭാഗം നടത്തിയ പ്രചാരണം മഹാരാഷ്ട്രയിൽ പൂർണമായും പരാജയപ്പെട്ടു. അതിലേക്ക് നയിച്ചത് രണ്ടര കോടിയോളം സ്ത്രീകൾക്ക് നേരിട്ട് നൽകിയ സാമ്പത്തിക ധനസഹായമായിരുന്നു. തൻ്റെ അവസാന തെരഞ്ഞെടുപ്പെന്ന് വ്യക്തമാക്കി പ്രചാരണത്തിനിറങ്ങിയ ശരദ് പവാറിനും വലിയ തിരിച്ചടിയാണേറ്റത്. മകളും എം.പിയുമായ സുപ്രിയ സുലേക്ക് രാഷ്ട്രീയത്തിൽ കാലൂന്നി നിൽക്കാനുള്ള സാഹചര്യമൊരുക്കലായിരുന്നു ശരദ് പവാറിൻ്റെ ലക്ഷ്യം.എന്നാൽ എൻസിപിയിലെ മക്കൾ രാഷ്ട്രീയത്തെ എതിർത്ത ശരദ് പവാറിൻ്റെ മരുമകൻ അജിത് പവാറിനൊപ്പം സംസ്ഥാനത്തെ ജനവും നിന്നുവെന്നതിൻ്റെ തെളിവ് കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. ഇതോടെ ശരദ് പവാർ വിഭാഗം കോൺഗ്രസിൽ ലയിക്കാനുള്ള സാധ്യത ശക്തമായി.
ഐക്യത്തിൻ്റെ വിജയമെന്ന് ബിജെപി അവകാശപ്പെടുമ്പോഴും തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് നടപ്പാക്കിയ ക്ഷേമ പദ്ധതികൾക്ക് ലഭിച്ച കൈയ്യടിയാണെന്ന് കൂടി പറയേണ്ടതുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ആർഎസ്എസ് നേരിട്ട് സോഷ്യൽ എഞ്ചിനീയറിങിനായി നടത്തിയ ഇടപെടലുകളും ഫലം കണ്ടു.