ഓസീസ് ജയത്തിന് പിന്നാലെ കോച്ച് ഗൗതം ഗംഭീര്‍ അടിയന്തരമായി നാട്ടിലേക്ക് മടങ്ങി
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ നാട്ടിലേക്ക് മടങ്ങി. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
കുടുംബപരമായ അടിയന്തര സാഹചര്യത്തെ തുടര്‍ന്നാണ് ഗംഭീര്‍ ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ചത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍ ആരംഭിക്കാനിരിക്കെയാണ് ഗംഭീര്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. ഗംഭീറിന്‍റെ ഒരു കുടുംബാംഗത്തിന് ആരോഗ്യപരമായി പ്രശ്‌നങ്ങളുണ്ടെന്നും രണ്ടാം ടെസ്റ്റിന് തൊട്ടുമുന്‍പ് അദ്ദേഹം ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തുമെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, വ്യക്തിഗത കാരണങ്ങളാല്‍ ആദ്യ ടെസ്റ്റ് നഷ്ടമായ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. തന്റെ രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനത്തെ തുടര്‍ന്നാണ് രോഹിത് ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ 295 റണ്‍സിന്റെ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയിരുന്നത്. 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ 238 റണ്‍സിന് ഓൾഔട്ടായി.