Tuesday, November 26, 2024
Latest:
KeralaTop News

അന്വേഷണത്തിൽ തൃപ്തിയില്ല, നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; വി.മുരളീധരൻ

Spread the love

കെ – നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ല. മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ പങ്ക് പരിശോധിക്കണമെന്നും വി മുരളീധരൻ പറഞ്ഞു.

അതേസമയം കണ്ണൂർ ADM ആയിരുന്ന കെ നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹർജി നൽകി. കെ നവീൻ ബാബുവിനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന സംശയം തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ അക്കമിട്ട് പറഞ്ഞാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്.

സിപിഐഎം നേതാവ് പി പി ദിവ്യ പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ല. പി പി ദിവ്യയ്ക്ക് ഭരണതലത്തിൽ വലിയ പിടിപാടുണ്ട്. മരണത്തിനു ശേഷവും പ്രതിയായ ദിവ്യയും മറ്റും നവീൻ ബാബുവിനെ വേട്ടയാടുന്നത് തുടരുകയാണ്. ഇക്കാരണത്താൽ തങ്ങൾക്ക് നീതി ലഭ്യമാക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ആത്മഹത്യയെന്ന പൊലീസ് നിഗമനം തങ്ങൾ വിശ്വസിക്കുന്നില്ല. കെ നവീൻ ബാബുവിനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് പരിശോധിച്ചില്ല. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം സിസിടിവി അടക്കമുളള ശാസ്ത്രീയ തെളിവുകൾ സമാഹരിച്ചില്ല. നിർണായക തെളിവുകൾ അന്വേഷണസംഘം കുഴിച്ചുമൂടിയെന്നും കൃത്രിമ തെളിവുകൾ ഉണ്ടാക്കാൻ പ്രതിയെ സഹായിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

മരണത്തിനുശേഷമുളള ഇൻക്വസ്റ്റ് നടപടികളിൽ മനപ്പൂർവമായ വീഴ്ച ഉണ്ടായെന്നും ആരോപണമുണ്ട്. അടുത്ത ബന്ധുവിന്‍റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും സംശയവും ഹർജിയിൽ പറയുന്നു. അതിനാൽ നവീൻ ബാബുവിന്‍റെ മരണത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവൻ പ്രതികളേയും നിയമത്തിനുമുന്നിൽ എത്തിക്കാനും സിബിഐ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.