NationalTop News

രാഹുല്‍ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് കാട്ടി കോടതിയില്‍ ഹര്‍ജി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ്

Spread the love

രാഹുല്‍ ഗാന്ധിയ്ക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച് ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. പൗരത്വത്തിന്റെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനോട് തീരുമാനമെടുക്കാന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 19ന് മുന്‍പായി തീരുമാനം അറിയിക്കണമെന്നാണ് നിര്‍ദേശം. രാഹുല്‍ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നാണ് ഹര്‍ജിക്കാരന്റെ വാദം. രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വം സൂചിപ്പിക്കുന്ന തെളിവുകള്‍ ഉണ്ടെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടു. ഹര്‍ജി ഡിസംബര്‍ 19ന് കോടതി പരിഗണിക്കും.

അഭിഭാഷകനും ബിജെപി നേതാവുമായ വിഗ്നേഷ് ശിശിറാണ് ഹര്‍ജി സമര്‍പ്പിച്ചത്. വിഎസ്എസ് ശര്‍മ എന്നയാളുടെ അന്വേഷണത്തില്‍ കണ്ടെത്തിയ ചില തെളിവുകള്‍ തന്റെ പക്കലുണ്ടെന്നാണ് ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടത്. ബ്രിട്ടീഷ് സര്‍ക്കാരുമായി നടത്തിയ ചില ഇ മെയില്‍ വിവരങ്ങള്‍ കൈയിലുണ്ടെന്നാണ് അവകാശവാദം. പൂര്‍ണവിവരങ്ങള്‍ കൈമാറാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാടെങ്കിലും ശര്‍മ ചോദിച്ച ചില കാര്യങ്ങള്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്ന് ശിശിര്‍ ചൂണ്ടിക്കാട്ടി. ഇത് സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ച് യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.

ഇരട്ട പൗരത്വം പാടില്ലെന്ന നിയമ പ്രകാരം ഇന്ത്യന്‍ പൗരനായിരിക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്നാണ് ബിജെപി നേതാവിന്റെ വാദം. സമാനമായ ഹര്‍ജി ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയും ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ശിശിറിന്റെ ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി തീര്‍പ്പിലെത്തിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്നാണ് ഡല്‍ഹി ഹൈക്കോടതി നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത്.