വയനാട് ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വോട്ട് ചോർച്ച; 578 ബൂത്തുകളിൽ 561ലും ലീഡ് യുഡിഎഫിന്
വയനാട് ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വോട്ട് ചോർച്ച. മന്ത്രി ഒ.ആർ കേളുവിന്റെ തിരുനെല്ലി പഞ്ചായത്തിലും യുഡിഎഫിനാണ് ലീഡ്. ക്രിസ്ത്യൻ വിഭാഗങ്ങളെ ചേർത്ത് നിർത്താൻ കഴിഞ്ഞെന്ന നേട്ടമാണ് എൻഡിഎയ്ക്ക് ഉള്ളത്. ആകെ 578 ബൂത്തുകൾ. ഇതിൽ 561ലും യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയ്ക്ക് ലീഡ്.
13 ബൂത്തുകളിൽ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും നാലിടങ്ങളിൽ എൻഡിഎയുടെ നവ്യാ ഹരിദാസും ഒന്നാമതെത്തി. മന്ത്രി ഒ.ആർ കേളുവിന്റെ മണ്ഡലമായ മാനന്തവാടിയിലും പ്രിയങ്കാ ഗാന്ധി മുന്നേറി. എൽഡിഎഫ് ശക്തികേന്ദ്രമായ മന്ത്രിയുടെ തിരുനെല്ലി പഞ്ചായത്തിലും യു.ഡി എഫിനാണ് ലീഡ്. 241 വോട്ടിന്റെ ലീഡാണ് ഇവിടെ പ്രിയങ്കാ ഗാന്ധി നേടിയത്. സുൽത്താൻ ബത്തേരിയിൽ 97 ബൂത്തുകളിലാണ് എൽഡിഎഫ് മൂന്നാം സ്ഥാനത്തായത്. കൽപറ്റയിൽ 35ഉം മാനന്തവാടിയിൽ 39ഉം ബൂത്തുകളിലും മൂന്നാം സ്ഥാനത്ത്.
ക്രൈസ്ത വോട്ടുകൾ അനുകൂലമാക്കാൻ കഴിഞ്ഞു എന്നത് എൻഡിഎയ്ക്ക് നേട്ടമായി. മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി പഞ്ചായത്തുകളിൽ എൻഡിഎ രണ്ടാം സ്ഥാനത്തെത്തി. ബത്തേരി നഗരസഭയിൽ കഴിഞ്ഞ തവണ അഞ്ച് ബൂത്തുകളിൽ മാത്രം രണ്ടാം സ്ഥാനത്തായിരുന്ന എൻഡിഎ ഇത്തവണ 14 ബൂത്തുകളിൽ രണ്ടാമത് എത്തിയത് എൻഡിഎയുടെ വേരോട്ടത്തിന്റെ ആഴം കൂട്ടുന്നു.