‘കരാര്‍ ഇല്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതം’; ഇപിയുടെ ആത്മകഥ വിവാദത്തിൽ വിശദീകരണവുമായി ഡിസി ബുക്സ്
ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് കരാർ ഇല്ലെന്ന വാർത്തകൾ തള്ളി ഡിസി ബുക്സ്. മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണ്. വാർത്തകൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നു. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് നടപടിക്രമങ്ങൾ പാലിച്ചാണ്. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായപ്രകടനം അനുചിതമാണെന്നും ഡി സി വ്യക്തമാക്കി. ജയരാജന്റെ പുസ്തക വിവാദത്തിൽ മൊഴി നൽകിയ ശേഷമാണ് ഡിസിയുടെ വിശദീകരണം.
അതേസമയം പുസ്തക വിവാദത്തിൽ ഇ.പി ജയരാജന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം, കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തിരുന്നത്.
ജയരാജന്റെ ആത്മകഥ എന്ന പേരിൽ ഡിസി ബുക്‌സ് പുറത്തുവിട്ട പരസ്യവും പുറത്തുവന്ന പുസ്തകത്തിലെ ഉള്ളടക്കവും ഇ.പി ജയരാജന്‍ തള്ളിയിരുന്നു. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാൻ ഏൽപിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഡിസിയുമായി കരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് ദിവസം പുസ്തകം പുറത്തുപോയതുൾപ്പെടെയുള്ള സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷണിക്കണമെന്നും ആവശ്യപ്പെട്ട് ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിലാണിപ്പോള്‍ മൊഴിയെടുത്തിരിക്കുന്നത്.