Monday, January 13, 2025
Latest:
KeralaTop News

സലാം ജിഫ്രി മുത്തുക്കോയ തങ്ങളെക്കുറിച്ച് പറഞ്ഞത് ലീഗ് നിലപാടല്ല; തിരുത്തി പി കെ കുഞ്ഞാലിക്കുട്ടി

Spread the love

പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജിഫ്രി മുത്തുക്കോയ തങ്ങളെ അപമാനിച്ച സംഭവത്തില്‍ പി എം എ സലാമിനെ തിരുത്തി പികെ കുഞ്ഞാലിക്കുട്ടി. സലാം പറഞ്ഞത് ലീഗ് നിലപാട് അല്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനിടെ കൂടുതല്‍ സമസ്ത നേതാക്കള്‍ സലാമിനെതിരെ രംഗത്തെത്തി.

കുവൈറ്റ് കെഎംസിസി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ വിവാദ പരാമര്‍ശം. സാദിഖലി തങ്ങള്‍ കൈവച്ച് അനുഗ്രഹിച്ചയാള്‍ ജയിച്ചെന്നും മുത്തുക്കോയ തങ്ങള്‍ അനുഗ്രഹിച്ചയാള്‍ മൂന്നാം സ്ഥാനത്തേക്ക് പോയെന്നുമായിരുന്നു പരാമര്‍ശം. സംഭവത്തില്‍ കടുത്ത എതിര്‍പ്പുമായി സമസ്തയുടെയും, സമസ്ത യുവജന , വിദ്യാര്‍ത്ഥി സംഘടനകളുടെയും നേതാക്കള്‍ രംഗത്തെത്തി. ഇതോടെ പിഎം എ സലാംവിശദീകരണമായി എത്തി. സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങളെ അപമാനിച്ചു എന്നത് വ്യാജ പ്രചരണമെന്നും മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനമാണ് ജിഫ്രി തങ്ങള്‍ക്കെതിരെ എന്ന് പ്രചരിപ്പിക്കുന്നതെന്നും സലാം പറഞ്ഞു.

എന്നാല്‍ സലാമിന്റെ നിലപാടിനെയും വിശദീകരണത്തെയും തള്ളി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.സലാം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഐഎന്‍എല്‍ വിമര്‍ശിച്ചു. സലാം പരസ്യമായി മാപ്പ് പറയണമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു.

Story Highlights : P K Kunhalikkutty on PMA salam’s statement