NationalTop News

ആരാകും മുഖ്യമന്ത്രി? സസ്‌പെന്‍സ് തുടര്‍ന്ന് മഹാരാഷ്ട്ര; നാളെ സത്യപ്രതിജ്ഞയ്ക്ക് സാധ്യത

Spread the love

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ നാളെയുണ്ടാകാന്‍ സാധ്യത. മുഖ്യമന്ത്രി ആരെന്നതിനുള്ള തീരുമാനത്തിനായി മുന്നണി നേതാക്കള്‍ അമിത്ഷായെ കാണും. രണ്ടരവര്‍ഷം കൂടി തുടരാന്‍ ഏക്നാഥ് ഷിന്‍ഡെ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി മുഖ്യമന്ത്രി പദം ഏറ്റെടുക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ താല്‍പര്യം.

മുഖ്യമന്ത്രിയുടെയും രണ്ട് ഉപ മുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ നാളെ നടക്കുമെന്നാണ് വിവരം. ദേവേന്ദ്ര ഫഡ്നാവിസും ഏക്നാഥ് ഷിന്‍ഡെയും അജിത് പവാറുമായിരിക്കും നാളെ സത്യപ്രതിജ്ഞ ചെയ്യുക. മൂവരില്‍ ആരായിരിക്കും മുഖ്യമന്ത്രിയെന്നതാണ് ഇപ്പോഴും സസ്പെന്‍സാണ്. രണ്ടര വര്‍ഷം കൂടി മുഖ്യമന്തിയായി തുടരണമെന്ന് ഏക്നാഥ് ഷിന്‍ഡെ എന്‍ഡിഎ നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയില്‍ നിന്ന് മുഖ്യമന്ത്രി വേണമെന്ന് ബിജെപി നേതാക്കളുടെ നിലപാട്. നിലവിലെ ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയാണ് ഇവര്‍ പിന്തുണക്കുന്നത്. അജിത് പവാര്‍ ഉപ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാണ്.

മൂന്ന് പേരും അമിത്ഷായുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തും. ലോക് സഭയില്‍ ആറ് എംപിമാരുള്ള ഏക്നാഥ് ഷിന്‍ഡെ പിണക്കാതെയുള്ള തീരുമാനത്തിനാകും ദേശീയ നേതൃത്വം ശ്രമിക്കുക. ഇതിനുശേഷം രാത്രിയിലോ നാളെയോ ഗവര്‍ണറെ കണ്ട് അവകാശവാദമുന്നയിക്കാനാണ് ധാരണ. മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഒരാഴ്ച്ചക്കുള്ളില്‍ നടത്താനും ധാരണയായിട്ടുണ്ട്. ഇപ്പോള്‍ ശിവസേനയും എന്‍സിപിയും കൈവശം വെച്ചിരിക്കുന്ന പ്രധാനവകുപ്പുകളില്‍ പലതും ബിജെപി ഏറ്റെടുത്തേക്കും.