KeralaTop News

കുറുവ സംഘത്തിലെ പ്രമുഖനെ ചോദ്യം ചെയ്ത് നക്ഷത്രമെണ്ണി പൊലീസ്; സത്യം കാമാച്ചിയമ്മയോട് മാത്രമേ പറയൂവെന്ന വാശിയില്‍ കള്ളന്‍

Spread the love

ആലപ്പുഴ കുറുവമോഷണസംഘത്തിലെ പ്രമുഖന്‍ സന്തോഷ് ശെല്‍വത്തെ ചോദ്യം ചെയ്ത് നക്ഷത്രമെണ്ണി പോലീസ്. സത്യം പറയാന്‍ ആവശ്യപ്പെടുമ്പോള്‍ തങ്ങളുടെ ദൈവമായ കാമാച്ചിയമ്മയോട് മാത്രമേ സത്യം പറയൂ എന്നാണ് മറുപടി. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ തന്നെ കോടതിയില്‍ സന്തോഷിനെ തിരികെ ഹാജരാക്കി മണ്ണഞ്ചേരി പോലീസ്. ആകെ കണ്ടെത്താന്‍ സാധിച്ചത് ഓയില്‍ പുരണ്ട ബര്‍മുഡയും തോര്‍ത്തും മാത്രമാണ്.

കസ്റ്റഡിയില്‍ ലഭിച്ച സന്തോഷില്‍ നിന്ന് പോലീസിനു കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല.. മണ്ണഞ്ചേരിയില്‍ ഒപ്പമുണ്ടായിരുന്ന മോഷ്ടാവിനെ കുറിച്ച് പോലും ഒരു സൂചന പോലും സന്തോഷം നല്‍കുന്നില്ല. ചോദിക്കുന്നതിന് ഒരക്ഷരംപോലും മറുപടി ലഭിക്കുന്നില്ല. സത്യം പറയാന്‍ പലവട്ടം ചോദിച്ചിട്ടും തങ്ങളുടെ ദൈവമായ കാമാച്ചിയമ്മയോടു മാത്രം സത്യം പറഞ്ഞോ ളാമെന്നാണ് പ്രതികരണം.

തമിഴ്നാട് തേനി കാമാച്ചിപുരം ചന്ദനമാരിയമ്മന്‍ കോവില്‍ തെരുവില്‍ സന്തോഷ് ശെല്‍വം 25 വയസ്സിനുള്ളില്‍ കേരളത്തിലും തമിഴ്നാട്ടിലുമായി 30-ലേറെ കേ സുകളില്‍ പ്രതിയാണ്. പോലീസി നോട് എങ്ങനെ പെരുമാറണമെന്ന് ഇയാള്‍ക്ക് നല്ല ധാരണയുണ്ട്. പലതവണ ചോദ്യം ചെയ്തിട്ടും ഒരു തുമ്പും ലഭിച്ചില്ല. ഇതോടെ മറ്റു മാര്‍ഗങ്ങളിലൂടെ ഇയാളുടെ സംഘാംഗങ്ങളെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.

കുറുവമോഷണസംഘത്തെ പിടികൂടാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം നാലുദിവസമായി ഇടുക്കിമേഖല യില്‍ വിശദപരിശോധനയിലാണ്. ഇയാള്‍ക്കൊപ്പം മോഷണത്തില്‍ ഇറങ്ങുന്ന ചിലരെ കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. തമിഴ്‌നാട്ടിലേക്ക് കുറുവാസംഘം തിരിച്ചുപോകാന്‍ സാധ്യതയില്ല എന്നാണ് പോലീസ് പറയുന്നത്. ഇത് സംബന്ധിച്ച് തമിഴ്‌നാട് പോലീസിന് ജാഗ്രത നല്‍കിയിട്ടുണ്ട്. അവരുടെ സഹകരണത്തോടെയാണ് ഇവിടെ അന്വേഷണം നടക്കുന്നത്. അതേസമയം കുറുവാ സംഘത്തെ തേടി തമിഴ്‌നാട്ടിലെ കമ്പം തേനി ഭാഗങ്ങളില്‍ അരിച്ചു പെറുക്കിയ പോലീസ് സംഘം നിരാശരായി മടങ്ങി. മണ്ണഞ്ചേരി എസ്എച്ച്ഒ ടോള്‍സന്‍ പി ജോസഫിന്റെ നേതൃത്വത്തിലുള്ള 9 അംഗ ആന്റി കുറുവ സംഘം ആണ് അന്വേഷണം പൂര്‍ത്തിയാക്കി എത്തിയത്. സംഘം മൂന്നുദിവസം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് കേസില്‍ തെളിവുകള്‍ ശേഖരിച്ചു. സന്തോഷുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ള മിക്ക ആളുകളെയും പോലീസ് തിരഞ്ഞെങ്കിലും ആരെയും കണ്ടെത്തിയില്ല