Thursday, December 26, 2024
Latest:
KeralaTop News

ഭയങ്കര സന്തോഷം; പ്രവർത്തിച്ചത് എല്ലാവരും ഒരു ടീം ആയിട്ട്’; രാഹുൽ മാങ്കൂട്ടത്തിൽ

Spread the love

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ജയത്തിൽ ഭയങ്കര സന്തോഷമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ആദ്യമായി ആണ് മുന്നണി ഒരു അവസരം തരുന്നത്. സ്ഥാനാർഥി എന്ന നിലയിൽ ഇത്രയും ഭാഗ്യം കിട്ടിയ ഒരാൾ ഉണ്ടോ എന്നറിയില്ലെന്ന് രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വോട്ടർമാരെ കാണുക മാത്രമായിരുന്നു തന്റെ ജോലി. ബാക്കി എല്ലാ കാര്യങ്ങളും മുതിർന്ന നേതാക്കളും ആണ് ചെയ്തതെന്ന് രാഹുൽ പറഞ്ഞു. പാലക്കാട് എല്ലാവരും ഒരു ടീം ആയിട്ടാണ് പ്രവർത്തിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ഇത് പാലക്കാടിന്റെ വിജയമാണെന്നും പാലക്കാട് ആ​ഗ്രഹിച്ച വിജയമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മുതിർന്ന നേതാക്കളുടെ അടക്കം ഉണ്ടായ വലിയ തോതിലുള്ള പിന്തുണയുടെയും മുന്നണിയുടെയും വിജയമായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. 2016ൽ ഷാഫിയുടെ ഭൂരിപക്ഷം 17483 ആയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ‍ ഇത് മറികടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ബിജെപി മുന്നിലായിരുന്നു. ഒരിടക്ക് രാഹുൽ തിരിച്ചെത്തിയെങ്കിലും ബിജെപി തിരിച്ചു പിടിച്ചു. പിന്നീട് കണ്ടത് രാഹുലിന്റെ അപരാജിത കുതിപ്പാണ്. ആറാം റൗണ്ട് മുതലാണ് രാഹുൽ മാങ്കൂട്ടത്തിൽ കളം നിറഞ്ഞത്. പാലക്കാടിന്റെ ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷമാണ് രാഹുൽ നേടിയത്

57912 വോട്ടുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ നേടിയത്. ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് 39243 വോട്ടാണ് നേടാൻ സാധിച്ചത്. പി സരിൻ 37046 വോട്ട് നേടി മൂന്നാം സ്ഥാനത്തായി. പിരായിരി പഞ്ചായത്തിലെ വോട്ടർമാരാണ് രാഹുലിനെ തുണച്ചത്. ഇവിടെ വോട്ട് എണ്ണിയപ്പോൾ രാഹുലിന്റെ ലീഡ് കുത്തനെ ഉയരുകയായിരുന്നു. 6775 വോട്ട് നേടിയ രാഹുൽ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാറിനെക്കാൾ 4124 വോട്ടുകളുടെ മുൻതൂക്കവും പിരായിരിയിൽ നേടി. ഒൻപതാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 10291 വോട്ട് ലീഡാണ് രാഹുലിനുണ്ടായിരുന്നത്.