പിരായിരിയിലെത്തിയപ്പോള്‍ രാഹുലിനെ പിടിച്ചാല്‍ കിട്ടാതായി, നാല് റൗണ്ടുകളില്‍ കൃഷ്ണകുമാര്‍ ചിരിച്ചു, സരിനെ ആശ്വസിപ്പിച്ചത് മാത്തൂരും കണ്ണാടിയും മാത്രം; പതിവുതെറ്റിക്കാത്ത സസ്‌പെന്‍സ് പോര്
തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയകേരളത്തിന്റെ സസ്‌പെന്‍സ് കോട്ടയായ പാലക്കാട് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. വോട്ടെണ്ണല്‍ തുടക്കം തന്നെ ഉദ്വേഗഭരിതമായിരുന്നു കാര്യങ്ങള്‍. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ സി കൃഷ്ണകുമാറിന്റെ മുഖത്ത് പുഞ്ചിരിത്തിളക്കം. ആദ്യഫലം പുറത്തുവന്നത് മുതല്‍ ഒന്നേകാല്‍ മണിക്കൂറോളം ലീഡ് സി കൃഷ്ണകുമാറിനായിരുന്നു. നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ബിജെപി ക്യാംപിലെ പുഞ്ചിരി മാഞ്ഞു. പതിയെ ലീഡുയര്‍ത്തിയ രാഹുല്‍ ബിജെപി കുതിപ്പിന് തടയിട്ടു. പിന്നെ മാറിമറിയുന്ന ലീഡുനില. എട്ടാംറൗണ്ട് വരെ ഇഞ്ചോടിഞ്ച്. പിന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡുയര്‍ത്തിക്കൊണ്ടേയിരുന്നു. കോണ്‍ഗ്രസ് ക്യാംപില്‍ അഹ്ലാദത്തിന്റെ കരഘോഷമുയര്‍ന്നു.
ശക്തികേന്ദ്രമായ പിരായിരിയിലെ വോട്ടെണ്ണി കഴിഞ്ഞതോടെ പിടിച്ചുനിര്‍ത്താനാകാത്ത വിധം ഭൂരിപക്ഷം പതിനായിരം കടന്നായിരുന്നു രാഹുലിന്റെ കുതിപ്പ്. സ്വാധീനമേഖലകളായ മാത്തൂര്‍, കണ്ണാടി പഞ്ചായത്തുകളില്‍ നേരിയ ലീഡ് ഡോക്ടര്‍ പി സരിന്‍ നേടിയെങ്കിലും രാഹുലിനെ വെല്ലാന്‍ കഴിഞ്ഞില്ല. സി കൃഷ്ണകുമാറുമായി രണ്ടാം സ്ഥാനത്തിനായിരുന്നു അവസാന റൗണ്ടുകളില്‍ ഡോക്ടര്‍ പി സരിന്റെ പോര്. അപ്പോഴേക്കും റെക്കോര്‍ഡ് ജയം കുറിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ ഹൃദയത്തേരിലേറി . ഭൂരിപക്ഷം പതിനെട്ടായിരത്തിലേറെയായി. ബിജെപിയെക്കാള്‍ രണ്ടായിരം വോട്ടിന്റെ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തായി എല്‍ഡിഎഫ് മാറി.
ഷാഫി പറമ്പിലിനെക്കാള്‍ വലിയ ഭൂരിപക്ഷമാണ് പാലക്കാടന്‍ ജനത രാഹുല്‍ മാങ്കൂട്ടത്തിലിന് നല്‍കിയത്. ബിജെപിയുടെ വോട്ടില്‍ വന്‍ ഇടിവുണ്ടായി. കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് കൂടിയത് പറഞ്ഞ് പിടിച്ചുനില്‍ക്കാമെന്നതാണ് ഇടതുപക്ഷത്തിന്റെ ആശ്വാസം.