Saturday, December 28, 2024
Latest:
KeralaTop News

പി സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ട്, വരുംകാല പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉണ്ടാകും; ടിപി രാമകൃഷ്ണൻ

Spread the love

ജനവിധി ഇടതുപക്ഷ ജനാധിപത്യ മുന്നണി അംഗീകരിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പാലക്കാട് നടന്നത് ശക്തമായ ത്രികോണ മത്സരമാണ്. അവിടെ വർഗീയ കൂട്ടുകെട്ടുണ്ടായി. ജമാത്തെ ഇസ്ലാമി എസ്‌ഡിപിഐ സഖ്യം കൂടി യുഡിഎഫിനൊപ്പം നിന്നപ്പോഴുണ്ടായ വിജയമാണ് പാലക്കാട് ഉണ്ടായതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. വയനാട് തിരഞ്ഞെടുപ്പ് നടന്നത് പ്രത്യേക അന്തരീക്ഷത്തിലാണ്. എത്ര പരിശ്രമിച്ചലും വയനാട് ഇടതുപക്ഷം ജയിക്കില്ല. 2019 ൽ രാഹുൽ ഗാന്ധിയ്ക്ക് കിട്ടിയ വോട്ടും 2024 ൽ അദ്ദേഹത്തിന് ലഭിച്ച വോട്ടും ഇപ്പോൾ പ്രിയങ്കാഗാന്ധിക്ക് കിട്ടിയ വോട്ടും പരിശോധിക്കുമ്പോൾ താരതമ്യേന കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോ പി സരിന്റെ സ്ഥാനാർത്ഥിത്വം തിരഞ്ഞെടുപ്പിൽ ഒരിക്കലും ഒരു തിരിച്ചടിയായിട്ടില്ല.അദ്ദേഹം ഇടതുപക്ഷത്തിന് മുതൽക്കൂട്ടാണെന്നും വരുംകാല പ്രവർത്തനങ്ങളിൽ സരിൻ മുൻപന്തിയിൽ തന്നെ ഉണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ കൂട്ടിച്ചേർത്തു. ചേലക്കരയിൽ ഇടതുപക്ഷത്തെ തോൽപ്പിക്കണമെന്നാണ് കെസി വേണുഗോപാൽ പറഞ്ഞത്. എന്നാൽ ചേലക്കരയിൽ സർക്കാരിന് അനുകൂലമായ ജനവിധിയാണ് ഉണ്ടായത്.

അതേസമയം, പാലക്കാട്ടെ തിരഞ്ഞെടുപ്പിലെ ന്യൂനപക്ഷ – ഭൂരിപക്ഷ വർഗീയതയുടെ കൂട്ടുകെട്ട് നാടിന് ആപത്താണ്. എല്ലാ ജനവിഭാഗങ്ങളും ചിന്തിക്കേണ്ടുന്ന വർഗീയതയുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയ പ്രശ്നങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വളരെ ഗൗരവമായി ഉയർത്തികാണിക്കുന്നുണ്ട് അത് ജനങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.