NationalTop News

മഹാരാഷ്ട്രയിൽ കനലൊരു തരി; ഏക സിറ്റിങ് സീറ്റ് നിലനിർത്തി സിപിഐഎം

Spread the love

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ഏക സിറ്റിങ് സീറ്റ് നിലനിർത്തി സിപിഐഎം. ദഹാനുവിൽ വിനോദ് നിക്കോളെ 5133 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി ജെ പിയുടെ മേദ വിനോദ് സുരേഷിനെ പരാജയപ്പെടുത്തി. വിനോദ് നിക്കോളെയ്ക്ക് 104702 വോട്ട് ലഭിച്ചപ്പോൾ 99569 വോട്ടുകളാണ് ബി ജെ പിക്ക് നേടാൻ സാധിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ മണികൂറുകളിൽ ബി ജെ പിക്കായിരുന്നു ലീഡെങ്കിലും അവസാന ഘട്ടങ്ങളിൽ സിപിഐഎം മുന്നേറ്റം നടത്തുകയായിരുന്നു.

അതേസമയം മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ ചുവടുകളെല്ലാം പിഴച്ചു. മാസങ്ങൾക്ക് മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭയിൽ ആവർത്തിക്കാൻ കഴിയാതെ കോൺഗ്രസും ഉദ്ധവ് താക്കറെയും ശരത് പവാറും തകർന്നടിഞ്ഞു. തകർപ്പൻ ജയമാണ് മഹാരാഷ്ട്രയിൽ ബിജെപിയുടെ മഹായുതി സഖ്യത്തിന്റേത്. 288 അംഗ നിയമസഭയിൽ 220 ഓളം സീറ്റുകളിൽ വിജയം നേടി.

ബിജെപിക്ക് തനിച്ച് 125 ലേറെ സീറ്റ് ലഭച്ചു. ബിജെപി സഖ്യത്തിനാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും വിജയം പ്രവചിച്ചതെങ്കിലും, പ്രവചനങ്ങളെയെല്ലാം മറികടക്കുന്ന മിന്നും ജയമാണ് നേടിയത്. ഏക്നാഥ് ഷിൻഡെയേയും അജിത് പവാറിനെയും മറുകണ്ടം ചാടിച്ച് സംസ്ഥാനഭരണം അട്ടിമറിച്ചെന്ന ആരോപണത്തെ മറികടക്കാൻ ഈ വിജയത്തിലൂടെ ബിജെപിക്ക് കഴിയും. മഹാരാഷ്ട്രയിൽ നിലവിൽ ഉപമുഖ്യമന്ത്രിയായ ദേവേന്ദ്രഫഡ്നാവിസ് മുഖ്യമന്ത്രിയാകും.

മുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയായേക്കും. നിലവിൽ ഉപമുഖ്യമന്ത്രിയായ അജിത് പവാർ അതേ സ്ഥാനത്ത് തുടർന്നേക്കും. ശിവസേന ഷിൻഡെ വിഭാഗവും അജിത് പവാറിന്റെ എൻസിപിയും മികച്ച പ്രകടനമാണ് നടത്തിയത്. മഹാരാഷ്ട്രയിലെ വൻ മുന്നേറ്റം ബിജെപിക്ക് ആത്മവിശ്വാസം കൂട്ടും. ചരിത്രത്തിലെ ഏറ്റവും വലിയ സീറ്റ് നിലയിലേക്കാണ് ബിജെപി ഒറ്റയ്ക്ക് കുതിച്ചത്. സഖ്യകക്ഷികളും അപ്രതീക്ഷിത കുതിപ്പിൽ ഒപ്പമുണ്ട്. സമാനതകളില്ലാത്ത വിജയമാണ് മഹായുതി നേടിയെടുത്തത്. സംസ്ഥാനത്തിന്ർറെ എല്ലാ മേഖലകളിലും സമഗ്രാധിപത്യത്തോടെയാണ് അധികാരം നിലനിർത്തുന്നത്. തിരിച്ച് വരവ് എളുപ്പമല്ലാത്ത വീഴ്ചയാണ് പ്രതിപക്ഷത്തിന്റേത്.