48 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്; എന്‍ഡിഎയ്ക്ക് മേല്‍ക്കൈ; സമ്പൂര്‍ണഫലം ഇങ്ങനെ
48 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മേല്‍ക്കൈ. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ 28 ഇടത്ത് ബിജെപി സഖ്യം വിജയം നേടി. വയനാട്ടില്‍ കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയിലൂടെ നിലനിര്‍ത്തിയപ്പോള്‍ മഹാരാഷ്ട്രയിലെ നാന്ദേഡ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു.
ഉത്തര്‍പ്രദേശില്‍ ഒമ്പത് മണ്ഡലങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. ലോക്‌സഭയിലെ തിരിച്ചടിക്ക് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച നേട്ടം. മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ ഉള്‍പ്പെടെ ആറിടത്താണ് ബിജെപി ജയം. ഒരു മണ്ഡലത്തില്‍ ആര്‍എല്‍ഡിയും. നാല് സീറ്റുണ്ടായിരുന്ന സമാജ്വാദി പാര്‍ട്ടിയ്ക്ക് ജയം രണ്ടിടത്ത് മാത്രം. രാജസ്ഥാനില്‍ ഏഴില്‍ അഞ്ചിടത്താണ് ബിജെപി ജയം. ദൗസ മണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തി. ബിഹാറില്‍ നാല് മണ്ഡലങ്ങളിലും എന്‍ഡിഎയ്ക്ക് ജയം. രാംഗഡ് മണ്ഡലം അര്‍ജെഡിയില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. അസമില്‍ അഞ്ചില്‍ അഞ്ചും എന്‍ഡിഎ സഖ്യത്തിന്. ഗുജറാത്തിലെ വാവ് മണ്ഡലം കോണ്‍ഗ്രസിന് നഷ്ടമായി. ബിജെപിക്കാണ് ഇവിടെ ജയം.
പഞ്ചാബില്‍ നാലിടത്തെ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ ആംആദ്മി പാര്‍ട്ടിയും ഒരിടത്ത് കോണ്‍ഗ്രസുമാണ്. മേഘാലയയില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ എന്‍ഡിഎ ഘടകക്ഷി എന്‍പിപി പിടിച്ചു. മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസിന്‍ നിന്ന് പിടിച്ചെടുത്തത് ബിജെപിക്ക് നേട്ടമായി. കര്‍ണാടകയില്‍ മൂന്നിടത്തും കോണ്‍ഗ്രസിന് തിളക്കമാര്‍ന്ന ജയമാണ്. രണ്ടിടത്ത് എന്‍ഡിഎ സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ ഒരു മണ്ഡലം നിലനിര്‍ത്തി. പശ്ചിമബംഗാളില്‍ ആറിടത്തും തൃണമൂല്‍ കോണ്‍ഗ്രസിനാണ് ജയം. ഇതില്‍ ഒരു സീറ്റ് ബിജെപിയില്‍ നിന്നാണ് പിടിച്ചെടുത്തത്.