യുക്രൈനെ ആക്രമിച്ചത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചല്ല’; അമേരിക്കയ്ക്കും ബ്രിട്ടനും പുടിന്റെ മുന്നറിയിപ്പ്
യുക്രൈനെ ആക്രമിച്ചത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഓർഷനിക് എന്ന് പേരുള്ള മിസൈലിന് ശബ്ദത്തേക്കാൾ പത്തുമടങ് വേഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിസൈലിനെ തടുക്കാൻ അമേരിക്കൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ആവില്ലെന്ന് പറഞ്ഞ പുടിൻ ആക്രമണം യുഎസിന്റെയും ബ്രിട്ടന്റെയും മിസൈൽ യുക്രൈൻ ഉപയോഗിച്ചതിനുള്ള മറുപടിയാണെന്നും അറിയിച്ചു. ആവശ്യമെങ്കിൽ ആയുധം നൽകുന്നവരെയും ആക്രമിക്കാൻ മടിക്കില്ലെന്നും പുടിൻ പറഞ്ഞു. അതേസമയം പുടിന്റെ അവകാശവാദം അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ സ്ഥിരീകരിച്ചു.
യുക്രൈനിലെ നിപ്രോയിലെ കെട്ടിടങ്ങൾക്കു നേരെയാണ് റഷ്യ മിസൈൽ ആക്രമണം നടത്തിയത്. നിപ്രോയിൽനിന്ന് 1000 കിലോമീറ്റർ അകലെ റഷ്യയിലെ അസ്ട്രാക്കൻ മേഖലയിൽനിന്നാണ് മിസൈൽ തൊടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധിപ്പേർക്ക് പരുക്കേറ്റിരുന്നു.
പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും യുക്രൈനെ സഹായിച്ചാൽ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ആണവായുധം വഹിക്കാവുന്ന മിസൈൽ തൊടുത്തത്. റഷ്യയുടെ ഈ നടപടി സംഘർഷത്തിന്റെ ഗതി മാറ്റുമോ എന്ന ആശങ്കയിലാണ് ലോകം.