മുനമ്പം വിഷയം; ഒരു കുടുംബത്തെയും കുടിയൊഴിപ്പിക്കില്ല, ടി പി രാമകൃഷ്ണൻ
മുനമ്പത്തുനിന്ന് ഒരു കുടുംബത്തെയും ഒഴിപ്പിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിഷയത്തിൽ സർക്കാർ ചർച്ച ചെയ്തു പരിഹാരം കാണും. നിയമകാര്യങ്ങൾ കൂടി വിഷയത്തിൽ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്, മുനമ്പത്തെ വര്‍ഗീയമായി ഉപയോഗിക്കാന്‍ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതില്‍ നിന്ന് അവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്നത്തെ ഉന്നതതല യോഗത്തിന് ശേഷം സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുനമ്പം ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം തുടങ്ങി. ഓൺലൈൻ ആയാണ് യോഗം നടക്കുന്നത്. യോഗത്തിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ല. ഇന്നത്തെ ചർച്ചയിൽ പ്രധാനമായും മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളെ ബുദ്ധിമുട്ടിക്കാതെ മറ്റ് നിയമപരമായ തടസങ്ങൾ ഇല്ലാതെ അവർക്ക് തന്നെ ആ ഭൂമി എങ്ങിനെ തിരികെ നൽകാം എന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് പ്രധാനമായും നടക്കുക. റവന്യു, നിയമ, വഖഫ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കുന്നത്.
അതേസമയം, രണ്ടരവര്ഷക്കാലമായി തങ്ങൾക്ക് നിലച്ചുപോയ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുനമ്പം ജനതയുടെ സമരം തുടങ്ങിയിട്ട് 41 ദിവസം പിന്നിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി വിളിച്ച ഉന്നതല യോഗത്തിൽ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി തരും എന്ന പ്രതീക്ഷയിലാണ് മുനമ്പത്തെ സമരപ്പന്തൽ.