മുനമ്പം വിഷയം: ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി; പന്തം കൊളുത്തി പ്രതിഷേധം
മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി. ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വിഷയത്തില്‍ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും സമരം അവസാനിപ്പിക്കില്ലെന്നും സമരസമിതി വ്യക്തമാക്കി. മുനമ്പത്ത് പ്രദേശവാസികള്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രശ്‌നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മിഷനെ വയ്ക്കുന്നത് തങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. വേഗത്തില്‍ പരിഹാരം കാണുകയാണ് വേണ്ടത്. രേഖകള്‍ പരിശോധിക്കേണ്ട കാര്യമില്ല – ഇവര്‍ പറഞ്ഞു.
അതേസമയം, മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരാണ് കമ്മിഷന്‍. കൈവശ അവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ല. പ്രശ്‌നത്തിന് പരിഹാരമാകുന്നത് വരെ നോട്ടിസ് നല്‍കരുതെന്ന് വഖഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. എവിടെ പോയാലും ചോദ്യം ചെയ്യാന്‍ കഴിയാത്ത പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രി തന്നെ ചര്‍ച്ച നടത്തും. ആരെയും കുടിയൊഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയിട്ടില്ല. രേഖ ഹാജരാക്കാന്‍ മാത്രമാണ് നോട്ടീസ് നല്‍കിയത്. അതിനെ മറ്റൊരു തരത്തില്‍ പ്രചരിപ്പിക്കുന്നതാണ് – മന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കരം അടയ്ക്കാനുള്ള നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതിനായി ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ കമ്മീഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനും നിര്‍ദേശിച്ചു.
താത്കാലിക തീരുമാനത്തിനപ്പുറം ശാശ്വതമായ പരിഹാരത്തിനുള്ള നടപടികളാണ് സ്വീകരിച്ചതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. അതില്‍ കാലതാമസം വരുമെന്ന് വ്യക്തമാക്കുന്നതും കൂടിയാണ് പ്രതികരണം. വൈകിട്ട് അഞ്ച് മണിക്ക് സമരക്കാര്‍ നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു.സര്‍ക്കാരിന്റെ നിലപാട് വ്യക്തമായതിന് ശേഷമായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തി. ജുഡീഷ്യല്‍ കമ്മീഷനുമായി സഹകരിക്കണോ എന്നതുമായി ബന്ധപ്പെട്ട് സമര സമിതി നാളെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.