മുനമ്പം ഭൂമി തര്‍ക്കത്തില്‍ സമവായ നീക്കവുമായി സര്‍ക്കാര്‍; വിവാദ ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വെ?
മുനമ്പം ഭൂമി തര്‍ക്കത്തില്‍ സമവായ നീക്കവുമായി സര്‍ക്കാര്‍. വിവാദ ഭൂമിയില്‍ സര്‍വെ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഉന്നതതല യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. ഭൂമിയില്‍ ആര്‍ക്കൊക്കെ കൈവശാവകാശം ഉണ്ടെന്ന് ഉള്‍പ്പെടെ സര്‍വെയിലൂടെ അറിയണമെന്ന് വഖഫ് ബോര്‍ഡ് ഉള്‍പ്പെടെ ആവശ്യമുന്നയിച്ചിരുന്നു.
ഡിജിറ്റല്‍ സര്‍വെ നടത്തിയേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പ്രാഥമിക ആലോചനകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഫറൂഖ് കോളജ് വിഷയവുമായി ബന്ധപ്പെട്ട് ഒരു അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. വഖഫ് ട്രൈബ്യൂണിലിലെ ഈ കേസില്‍ സര്‍ക്കാര്‍ കൂടി കക്ഷിചേരാനും സാധ്യതയുണ്ട്.
മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ഉന്നതല യോഗം നാളെ വൈകിട്ട് നാല് മണിക്ക് സെക്രട്ടറിയേറ്റിലാണ് നടക്കുക. മുഖ്യമന്ത്രി,റവന്യൂ,നിയമ,വഖഫ് മന്ത്രിമാരും, ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും.ഭൂമിയില്‍ പ്രദേശവാസികള്‍ക്കുള്ള റവന്യൂ അവകാശം എങ്ങനെ നല്‍കാമെന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട.മുനമ്പത്തെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട റവന്യൂ രേഖകള്‍ യോഗത്തിന്റെ ചര്‍ച്ചയ്ക്ക് വരും.മുനമ്പത്തെ ഭൂമിയില്‍ നിന്നും ആരെയും ഇറക്കിവിടില്ല എന്ന നിലപാടിലാണ് സര്‍ക്കാറുള്ളത്.വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.