Friday, January 31, 2025
Latest:
KeralaTop News

അമ്മു സജീവന്റെ മരണം; മൊഴിയെടുപ്പ് പൂർത്തിയാക്കി യൂണിവേഴ്സിറ്റി നിയോഗിച്ച സമിതി

Spread the love

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാർത്ഥി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴിയെടുപ്പ് പൂർത്തിയാക്കി യൂണിവേഴ്സിറ്റി നിയോഗിച്ച സമിതി. അന്വേഷണ റിപ്പോർട്ട് അടുത്താഴ്ച കൈമാറും. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്ന് സൂചന.

ക്ലാസ്സിൽ ഉണ്ടായ പ്രശ്നങ്ങൾ അവിടെത്തന്നെ തീർത്തു. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങൾ ഉണ്ടായിരുന്നില്ല. പ്രശ്നങ്ങളെക്കുറിച്ച് അമ്മു രേഖ മൂലം കോളേജിൽ പരാതി നൽകിയിട്ടില്ലെന്നും പ്രിൻസിപ്പാൾ മൊഴി നൽകിയിരുന്നു. കോളജ് അധികൃതർക്ക് പുറമേ വിദ്യാർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് തിരുവനന്തപുരം സ്വദേശിനിയായ അമ്മു സജീവനെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴെ വീണ നിലയിൽ കണ്ടെത്തിയത്. അപകടം നടന്നതിന് ശേഷം കുടുംബാംഗങ്ങളെ കോളേജ് അധികൃതർ വിവരം അറിയിക്കാൻ വൈകിയിരുന്നു. ആംബുലൻസിൽ പോകവേ ശ്രീകാര്യം എത്തുമ്പോൾ അമ്മുവിന് ജീവൻ ഉണ്ടായിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നുമാണ് ഹോസ്റ്റൽ അധികൃതർ കുടുംബത്തോട് പറഞ്ഞിരുന്നത്. എന്നാൽ ദുരൂഹത ആരോപിച്ച് കുടുംബം രം​ഗത്തെത്തിയിരുന്നു.

അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയേക്കും. അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിച്ച മൂന്നുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മൂന്നുപേരും അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു കുടുംബത്തിന്റെ പരാതി.