Top NewsWorld

ഹിജാബിനെതിരേ അർധനഗ്നയായി പ്രതിഷേധം; വിദ്യാർഥിനിയെ മോചിപ്പിച്ചെന്ന് ഇറാൻ

Spread the love

നവംബർ ആദ്യമാണ് അഹൂ ദാര്യോയ്‌ എന്ന യുവതി സര്‍വകലാശാല കാംപസിൽ മേൽവസ്ത്രം അഴിച്ച് പ്രതിഷേധിച്ചത്. സംഭവത്തിന്റെ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെ തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹിജാബിനതിരേ മേൽവസ്ത്രം അഴിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥിനിക്കെതിരേ കുറ്റംചുമത്തില്ലെന്ന് ഇറാൻ. ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയെ മോചിപ്പിച്ചതായും ഭരണകൂടം വ്യക്തമാക്കി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ഥിനി ഇപ്പോള്‍ കുടുംബത്തോടൊപ്പമാണെന്നും അധികൃതര്‍ പറഞ്ഞു.

ഇറാനില്‍ കുറച്ചുകാലമായി സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംബന്ധിച്ച് നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. പിന്നാലെ ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ലക്ഷ്യമിട്ട് ക്ലിനിക്ക് ആരംഭിക്കാൻ ഇറാൻ പദ്ധതിയിടുന്നതായുള്ള വാർത്തകൾ വന്നിരുന്നു. ഇറാന്‍ സര്‍ക്കാരിന്റെ വനിതാ കുടുംബ വകുപ്പ് മേധാവി മെഹ്രി തലേബി ദരസ്താനിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.

ഹിജാബ് നീക്കം ചെയ്യുന്നവര്‍ക്കുള്ള ശാസ്ത്രീയവും മനശാസ്ത്രപരവുമായ ചികിത്സ ക്ലിനിക്ക് നല്‍കുമെന്നാണ് തലേബി ദരസ്താനി പറയുന്നത്. ഹിജാബ് നീക്കം ചെയ്യുന്നവരെ ചികിത്സിക്കാനുള്ള ക്ലിനിക്ക് പ്രഖ്യാപനത്തിനെതിരെ ഇറാനിലെ സ്ത്രീ അവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.