KeralaTop News

മന്ത്രി സജി ചെറിയാന്റെ പ്രസംഗം; താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിച്ചാൽ ശരിയാകില്ല; ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ്

Spread the love

മന്ത്രി സജി ചെറിയാനെതിരായ ഭരണഘടനാ വിരുദ്ധ പ്രസംഗ കേസിൽ പൊലീസിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതിയുടെ വിമര്‍ശനം. മൊഴിയെടുത്തതിലും, തെളിവ് ശേഖരണത്തിലും അടക്കം ഗുരുതര വീഴ്ച ഉണ്ടായെന്ന് ഉത്തരവിൽ കോടതി നിരീക്ഷിക്കുന്നു. സംസ്ഥാന മന്ത്രിയായതിനാൽ ലോക്കൽ പൊലീസിന് പകരം ഉന്നതതല അന്വേഷണം വേണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ സിംഗിൾ ബെഞ്ചാണ് സർക്കാരിനും മന്ത്രിക്കും പ്രതിസന്ധി ഉയർത്തുന്ന വിധി പ്രസ്താവിച്ചത്.

സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ച പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. പൊലീസ് അന്തിമ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മജിസ്‌ട്രേറ്റിന് പൊലീസ് അവസരം നല്‍കിയില്ല. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് സാക്ഷികളാക്കിയില്ല.
മൊഴിയെടുക്കുന്നതില്‍ പൊലീസിനും ഇക്കാര്യം പരിശോധിക്കുന്നതില്‍ മജിസ്‌ട്രേറ്റിനും വീഴ്ച പറ്റിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മല്ലപ്പളിയിൽ നടന്ന പരിപാടിയില്‍ പങ്കെടുത്ത പാർട്ടി പ്രവർത്തകരുടെ മാത്രം മൊഴി അടിസ്ഥാനമാക്കിയുള്ള പൊലീസ് റിപ്പോര്‍ട്ട് സുതാര്യമല്ല. സിസിടിവി ദൃശ്യങ്ങളും പെന്‍ഡ്രൈവും പരിശോധിക്കാതെയാണ് പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ടെന്നും കോടതി വിമർശിച്ചു. ആരോപണവിധേയൻ സംസ്ഥാന മന്ത്രി ആയതിനാൽ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ കേസ് അന്വേഷിച്ചാൽ ശരിയാകില്ലെന്നും സംസ്ഥാന ക്രൈംബ്രാഞ്ചിലെ സത്യസന്ധരായ ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കണം എന്നും കോടതി വ്യക്തമാക്കി. ഭരണഘടനയെ അപമാനിക്കുന്ന പ്രസംഗം മന്ത്രി നടത്തിയിട്ടില്ല എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാട് ശരിയല്ല. കുന്തം കൊടച്ചക്രം പോലെയുള്ള വാക്കുകൾ ഉപയോഗിച്ചത് ആദരസൂചകമായി ആണെന്ന് പറയാൻ ആകില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നേരത്തെ ഉണ്ടായില്ലെന്നതിന് തെളിവാണ് കോടതിവിധിയെന്ന് ഹർജിക്കാരൻ കൂട്ടിച്ചേർത്തു.

അതേസമയം, മന്ത്രിസ്ഥാനം രാജി വക്കില്ലെന്നും കോടതിയുടേത് അന്തിമവിധിയല്ലെന്നും മന്ത്രി സജി ചെറിയാൻ ഹൈക്കോടതി വിധിക്ക് ശേഷം പ്രതികരിച്ചു.കോടതി തന്റെ ഭാഗം കേൾക്കാത്ത ഇടത്തോളം കാലം നിയമപരമായ തുടർനടപടികൾ സ്വീകരിക്കും.കോടതി അന്വേഷിക്കാൻ പറഞ്ഞ ഭാഗം അന്വേഷിക്കട്ടെ.ധാർമ്മികമായ കാര്യങ്ങൾ കൊണ്ടാണ് അന്ന് രാജി വെച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് വീണ്ടും മന്ത്രി ആയതെന്നും സജി ചെറിയാൻ വ്യക്തമാക്കി.