NationalTop News

സൗരോ‍ർജ കരാർ നേടാൻ ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് കൈക്കൂലി; ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ വഞ്ചനക്കേസ്

Spread the love

ദില്ലി: ആഗോള കോടീശ്വരൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ തട്ടിപ്പിനും വഞ്ചനക്കും കേസ്. 20 വർഷത്തിനുള്ളിൽ 2 ബില്യൺഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ വിതരണകരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നുമാണ് കേസ്. ഗൗതം അദാനി, ബന്ധു സാഗർ അദാനി ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ. സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്നാണ് കേസ്.

അദാനി ഗ്രീൻ എനർജി ഇന്ത്യയിൽ സൗരോർജ കരാറുകൾ നേടാൻ കോഴ നൽകിയ വിവരം യുഎസ് നിക്ഷേപരിൽ നിന്ന് മറച്ചുവെച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യുഎസ് സെക്യൂരിറ്റിസ് ആൻ്റ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീൻ എനെർജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. അദാനി ഗ്രീൻ എനർജി യുഎസ് നിക്ഷേപകരിൽ നിന്ന് 175 മില്യൻ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്.