‘ആരോപണം അടിസ്ഥാന രഹിതം, നിയമം കൊണ്ട് നേരിടും’; അമേരിക്കയിലെ കൈക്കൂലിക്കേസ് തള്ളി അദാനി ഗ്രൂപ്പ്
അമേരിക്കന്‍ കോടതിയില്‍ അഴിമതിക്കേസെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ് അദാനി ഗ്രൂപ്പ്. അദാനിയ്‌ക്കെതിരെയുള്ളത് ആരോപണം മാത്രമാണെന്നും കുറ്റങ്ങള്‍ തെളിഞ്ഞിട്ടില്ലെന്നും യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് രേഖയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിയമവ്യവസ്ഥയോട് വിധേയത്വം പുലര്‍ത്തുന്ന സ്ഥാപനമാണ് തങ്ങളുടേതെന്നും അദാനി ഗ്രൂപ്പ് വാദിച്ചു. ഈ ആരോപണത്തെ നിയമത്തിന്റെ സാധ്യമായ എല്ലാ വഴിയിലൂടെയും നേരിടുമെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ നിക്ഷേപകര്‍ക്ക് ഉറപ്പുനല്‍കി.
അദാനി ഗ്രൂപ്പ് തങ്ങളുടെ എല്ലാത്തരം ഇടപാടുകളിലും സുതാര്യതയും വ്യക്തതയും ഉയര്‍ന്ന നിലവാരവും നിയമപാലനവും ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. തങ്ങള്‍ പൂര്‍ണമായും എല്ലാത്തരം ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി തന്നെയാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് എല്ലാ നിക്ഷേപകരേയും ഇടപാടുകാരേയും ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
ന്യൂയോര്‍ക്കില്‍ യുഎസ് അറ്റോര്‍ണി ഓഫീസാണ് അദാനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. സൗരോര്‍ജ കരാറുകള്‍ ലഭിക്കാനായി ഗൗതം അദാനി, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു.കോഴ നല്‍കിയെന്ന വിവരം രാജ്യാന്തര നിക്ഷേപകരില്‍ നിന്ന് മറച്ചുവച്ചു. 1476 കോടി രൂപ നിക്ഷേപം സമാഹരിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴുപേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.