ശുഭ പ്രതീക്ഷയിലാണ്; നാടിന് നല്ലതുണ്ടാകുന്ന തീരുമാനം ഉണ്ടാകണമെന്നാണ് പ്രാർത്ഥന’; രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ ശുഭ പ്രതീക്ഷയിലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. മണപ്പുള്ളിക്കാവ് ക്ഷേത്രത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പൊതുജീവിതത്തിൽ ആയാലും വ്യക്തി ജീവിതത്തിൽ ആയാലും വളരെ പ്രധാനപ്പെട്ട ദിവസമാണിന്ന് എന്ന് രാഹുൽ പറഞ്ഞു.
തികഞ്ഞ വിജയപ്രതീക്ഷയിൽ തന്നെയാണെന്നും എല്ലാബൂത്തുകളിലും നേരിൽ എത്താൻ ശ്രമിക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇന്നത്തെ പ്രാർത്ഥന നാടിന് നന്മ ഉണ്ടാകുന്ന കാര്യങ്ങൾ സംഭവിക്കണേ എന്നാണ്. ഇരട്ട വോട്ട് തടയുമെന്ന് മന്ത്രി ഇന്നലെ ആയിരുന്നില്ല പറയേണ്ടിയിരുന്നത്. ഇന്ന് വോട്ട് തടയുമെന്ന് പറയുന്നതിലെ യുക്തി മനസിലാകുന്നില്ലെന്ന് രാഹുൽ പറഞ്ഞു. ഇരട്ടവോട്ടിൽ നടപടി സ്വീകരിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് രാഹുൽ പറഞ്ഞു.
എൽഡിഎഫ് പരസ്യം ഹരികൃഷ്ണൻസ് സിനിമ പോലെയായെന്ന് രാഹുൽ പരിഹസിച്ചു. ചില പത്രങ്ങളിൽ ഒരു പരസ്യം മറ്റ് പത്രങ്ങളിൽ മറ്റ് പരസ്യങ്ങൾ. എന്ത് വിവാദം ഉണ്ടാക്കിയാലും അത് തിരഞ്ഞെടുപ്പിനെ ബാധിക്കാൻ പോകുന്നില്ല. ജനങ്ങൾ ഒരു തീരുമാനം എടുത്തിട്ടുണ്ട്. പോളിംഗ് ശതമാനം ഉയരേണ്ടതാണ്. ബിജെപി കേന്ദ്രങ്ങളിൽ പ്രചാരണത്തിന് പോയപ്പോൾ ആളുകൾ വോട്ട് ചെയ്യുന്നുന്നില്ല എന്ന് പറഞ്ഞിരുന്നുവെന്ന് രാഹുൽ പറഞ്ഞു. എന്തായാലും മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.