തലസ്ഥാനമടക്കം 4 ജില്ലകളിൽ യെല്ലോ അലേർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
തലസ്ഥാനമടക്കം വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത് . ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദ സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടലിനു മുകളിലായി നവംബർ 21 ഓടെ ചക്രവാതചുഴി രൂപപ്പെടാനാണ് സാധ്യത. നവംബർ 23 ഓടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള രണ്ട് ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യത പ്രവചിച്ചിട്ടുണ്ട്.
അതേ സമയം, കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതായും തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് സമീപം മറ്റൊരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നതായും അറിയിപ്പുണ്ട്. അതിനാൽ, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (നവംബർ 20) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്.