ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ; രാഷ്ട്രീയ പകപോക്കൽ എന്ന് കുടുംബം
ഉത്തർപ്രദേശിലെ കർഹാലിൽ ദളിത് പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കർഹാലിലെ കഞ്ചാര നദിയോട് ചേർന്നുള്ള പാലത്തിന് സമീപമാണ് ഇരുപതുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ബലാത്സംഗത്തിന് ഇരയായതായി കുടുംബത്തിന്റെ ആരോപണം.
പ്രശാന്ത് യാദവ് എന്ന വ്യക്തിയാണ് മകളെ കൊന്നതെന്നും കൊലപാതകത്തിലേക്ക് നയിച്ചതിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ ആണെന്നും യുവതിയുടെ പിതാവ് ആരോപിച്ചു.
മൂന്ന് ദിവസം മുമ്പ് സമാജ്‌വാദി പാർട്ടി (എസ്പി) അനുഭാവിയായ പ്രശാന്ത് യാദവ് തന്റെ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട് സന്ദർശിച്ചിരുന്നുവെന്ന് ഇരയുടെ പിതാവ് പറഞ്ഞു. മകൾ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ പ്രശാന്ത് ഭീഷണിപ്പെടുത്തിയെന്നും പിതാവ് പറയുന്നു.
“ചൊവ്വാഴ്‌ച വൈകുന്നേരം, അവളെ ബലമായി പ്രശാന്ത് യാദവ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു.പിന്നീട് അവളുടെ ചെരിപ്പുകൾ പ്രശാന്തിൻ്റെ ഓഫീസിൽ നിന്ന് കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് അവളുടെ മൃതദേഹം കണ്ടെടുത്തതെന്ന്” അദ്ദേഹം പറഞ്ഞു. പ്രശാന്തിനൊപ്പം യുവതിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ പ്രശാന്ത് യാദവ്, മറ്റൊരു പ്രതിയായ മോഹൻ കടേരിയ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ആഗ്ര റേഞ്ച് പൊലീസ് ഇൻസ്പെക്ടർ ജനറൽ ദീപക് കുമാർ പറഞ്ഞു. ബിജെപി സ്ഥാനാർത്ഥി അനുജേഷ് യാദവ് സംഭവത്തെ അപലപിച്ചു, “ഇത് സമാജ്‌വാദി പാർട്ടിക്ക് കീഴിലുള്ള നിയമലംഘനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.” ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും സമാജ്‌വാദി പാർട്ടിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. ഇത് “ചുവന്ന തൊപ്പി ധരിച്ച ഗുണ്ടകളുടെ ക്രൂരതയാണ്. ഉപജീവനത്തിനായി പച്ചക്കറി വിൽക്കുന്ന ഇരയുടെ കുടുംബം എസ്പിക്ക് വോട്ട് ചെയ്യാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും” അദ്ദേഹം ആരോപിച്ചു.