Monday, January 27, 2025
KeralaTop News

അമ്പലപ്പുഴയിലെ അരുംകൊല; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Spread the love

ആലപ്പുഴ കരൂരില്‍ കൊന്നുകുഴിച്ചു മൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജയചന്ദ്രന്റെ വീടിന്റെ പിന്നിലുള്ള പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം ചെറിയ തോതില്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. മൃതദേഹം കുഴിച്ചിട്ടതിന് ശേഷം ഇയാള്‍ ഈ പ്രദേശം നിരീക്ഷിച്ചിരുന്നു. അവിടെ നായ്ക്കള്‍ മാന്തുന്നത് ശ്രദ്ധയില്‍ പെട്ട ഇയാള്‍ കോണ്‍ക്രീറ്റ് കൊണ്ടുവന്നിടുകയായിരുന്നു.

കുഴിച്ചുമൂടിയത് മനു എന്ന ആളുടെ പറമ്പിലാണ്. കഴിഞ്ഞ ഞായറാഴ്ച മനു പുതിയ വീട് വയ്ക്കാന്‍ ഇവിടെ തറക്കല്ലിട്ടിരുന്നു. ജയചന്ദ്രന്റെ വീടിന്റെ പിന്നിലാണ് പറമ്പ്. അഞ്ചു സെന്റ് വസ്തുവില്‍ മതിലിനോട് ചേര്‍ന്ന സ്ഥലത്താണ് കുഴിച്ചുമൂടിയത്. മൃതദേഹം വിജയലക്ഷ്മിയുടേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിക്കും.

കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ കഴിഞ്ഞ ആറാം തീയതി മുതല്‍ കാണാതായത്. ബന്ധുവാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയത്. യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇടുക്കി സ്വദേശിയായ ആളെയായിരുന്നു വിജയലക്ഷ്മി വിവാഹം ചെയ്തത്. ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. രണ്ട് മക്കളുണ്ട്. കരുനാഗപ്പള്ളിയില്‍ താമസമാക്കിയ ഇവര്‍ അമ്പലപ്പുഴക്കാരനായ ജയചന്ദ്രനെ പരിചയപ്പെടുകയായിരുന്നു. ജയചന്ദ്രനുമായി വിജയലക്ഷ്മി അടുത്ത സൗഹൃദത്തില്‍ ആയിരുന്നു.

നാല് ദിവസം മുന്‍പാണ് അമ്പലപ്പുഴയിലെത്താന്‍ വിജയലക്ഷ്മിയോട് ജയചന്ദ്രന്‍ പറഞ്ഞത്. ഇവിടെയെത്തിയ ശേഷം ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ഇതേ തുടര്‍ന്നാണ് കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് വിജയലക്ഷ്മിയെ ആക്രമിക്കുന്നത്. ജയചന്ദ്രന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത് എന്നാണ് വിവരം. പ്രതി ജയചന്ദ്രന്‍ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമം നടത്തിയതായി പൊലീസ് അറിയിച്ചു. കൊച്ചിയിലെത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിക്കുകയായിരുന്നു. ഫോണുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.