Monday, January 27, 2025
KeralaTop News

കട്ടിംഗ് പ്ലെയര്‍ കൊണ്ട് തലക്കടിച്ച് കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു, ഫോണ്‍ KSRTC ബസില്‍ ഉപേക്ഷിച്ചു, അമ്പലപ്പുഴയിലെ ദൃശ്യം മോഡല്‍ കൊലപാതകം

Spread the love

ആലപ്പുഴ അമ്പലപ്പുഴ കരൂരില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ വാര്‍ത്തയാണ് രാവിലെ പുറത്തുവിട്ടത്. വിജയലക്ഷ്മിയെ കട്ടിംഗ് പ്ലെയര്‍ കൊണ്ട് തലക്കടിച്ച് കൊന്ന ശേഷം കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം ഏഴിനായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം. പ്രതി ജയചന്ദ്രനുമായി സംഭവ സ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. ഫോറന്‍സിക് വിദഗ്ദരും സംഭവ സ്ഥലത്തുണ്ട്.

വീടിനകത്തോ സമീപത്തോ ആണ് മൃദേഹം കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. വീടിനു പിന്നില്‍ കുഴിച്ചു മൂടിയതായാണ് സംശയം. കൊലപാതകം നടത്തിയത് വീടിനുള്ളില്‍ വെച്ച്.

ഈ മാസം 6 മുതല്‍ വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇടുക്കി സ്വദേശിയായ ആളെയായിരുന്നു ഇവര്‍ വിവാഹം ചെയ്തത്. ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. രണ്ട് മക്കളുണ്ട്. കരുനാഗപ്പള്ളിയില്‍ താമസമാക്കിയ ഇവര്‍ അമ്പലപ്പുഴക്കാരനായ ജയചന്ദ്രനെ പരിചയപ്പെടുകയായിരുന്നു. ജയചന്ദ്രനുമായി വിജയലക്ഷ്മി അടുത്ത സൗഹൃദത്തില്‍ ആയിരുന്നു. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താന്‍ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്.

നാല് ദിവസം മുന്‍പാണ് അമ്പലപ്പുഴയിലെത്താന്‍ ജയചന്ദ്രനോട് വിജയലക്ഷ്മി പറഞ്ഞത്. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ഇതേ തുടര്‍ന്നാണ് കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് വിജയലക്ഷ്മിയെ ആക്രമിക്കുന്നത്. പ്രതി ജയചന്ദ്രന്‍ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമം നടത്തിയതായി പൊലീസ് അറിയിച്ചു. കൊച്ചിയിലെത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിക്കുകയായിരുന്നു. ഫോണുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

വീട്ടില്‍ ആരെയും കൊണ്ടു വന്നതായി അറിയില്ലെന്ന് ജയചന്ദ്രന്റെ ഭാര്യ സുനിമോള്‍ പറഞ്ഞു. താന്‍ വീട്ടുജോലി ചെയ്യുന്ന ആളാണെന്നും അവര്‍ വ്യക്തമാക്കി. രണ്ട് വര്‍ഷമായി വിജയലക്ഷ്മിയേ അറിയാമെന്നും ഇവര്‍ പറഞ്ഞു. വിജയലക്ഷ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി.