‘പാലക്കാട് സന്ദീപ് വാര്യർ എഫക്ട് ഉണ്ടാകും’; സന്ദീപിന്റെ മുൻകാല നിലപാടിൽ മാറ്റം ഉണ്ടായെന്ന് കുഞ്ഞാലിക്കുട്ടി
കൊച്ചി: ഇത്രയും കാലം ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയത് സിപിഎം ആണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന് വർഗീയ അജണ്ടയില്ല. വർഗീയ ചേരിതിരിവ് ഉണ്ടാക്കേണ്ടത് ആർക്കാണെന്ന് ജനം തിരിച്ചിറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കാലത്തിനനുസരിച്ച് നയങ്ങൾ മാറ്റും. ലീഗിനെ വർഗീയ ശക്തികളാക്കാൻ നോക്കുന്നവർ മോശമാവുകയേുള്ളൂ. സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം യുഡിഎഫ് നേടും. ലീഗിന് വർഗീയ മുഖം നൽകാൻ ശ്രമിക്കുന്നവർ മോശമാകും. ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നവർ നല്ലവർ, അല്ലാത്തവർ മോശം എന്നാണ് സിപിഎം നിലപാട്. വർഗീയത പരത്താൻ ശ്രമിക്കുന്നത് ആരാണെന്ന് മുനമ്പം വിഷയത്തിൽ പോലും കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് സന്ദീപ് എഫക്ട് ഉണ്ടാകും. റാലിയിൽ കണ്ടതാണല്ലോ പിന്തുണ. സന്ദീപ് പാണക്കാട് എത്തിയത് വിവാദം ആകേണ്ടതില്ല. വർഗീയ ചേരിയിൽ നിന്ന് മതേതര ചേരിയിലേക്കാണ് സന്ദീപ് എത്തിയത്. മുൻകാല നിലപാടിൽ മാറ്റം ഉണ്ടായി. എല്ലാം തങ്ങൾമാരെ പോലെ തന്നെയാണ് സാദിഖ് അലി ശിഹാബ് തങ്ങൾ എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനമാണ് ലീഗില്‍ നിന്നുയരുന്നത്. പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നായിരുന്നു കെ എം ഷാജിയുടെ പ്രതികരണം. പിണറായി വിജയൻ സംഘി ആണെന്നും കെ എം ഷാജി വിമർശിച്ചു. പാണക്കാട് തങ്ങളെ അളക്കാൻ മുഖ്യമന്ത്രി വരേണ്ടെന്നും ചന്ദ്രികയിലെ മുഖപ്രസംഗത്തിൽ പറയുന്നു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണ് എന്നായിരുന്നു പിണറായി പാലക്കാട് പറഞ്ഞത്.