ഒരുമാസം നീണ്ട പ്രചാരണം; പാലക്കാട് ഉപതിരഞ്ഞെടുപ്പിന് നാളെ കൊട്ടിക്കലാശം
തീപ്പാറും പോരാട്ടം നടക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന് നാളെ കൊട്ടിക്കലാശം. അവസാന ലാപ്പിൽ ബിജെപി പാളയം വിട്ട് കോൺഗ്രസിനൊപ്പം ചേർന്ന സന്ദീപ് വാര്യരെ ചുറ്റിയാണ് ചർച്ചകൾ. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടപ്രദക്ഷിണത്തിലാണ് സ്ഥാനാർത്ഥികളും. വിവാദങ്ങൾ, അപ്രതീക്ഷിത ട്വിസ്റ്റുകൾ, ഡോ പി സരിൻ എൽഡിഎഫ് സ്ഥാനാർത്ഥിയായതു മുതൽ ബിജെപിയുടെ മുഖമായി നിന്നിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് എത്തിയതിന് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു.
ഉപതിരഞ്ഞെടുപ്പിന് നാളെ കലാശക്കൊട്ട് . മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ചെയ്താണ് എൽ.ഡി.എഫ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശത്തിൽ കറങ്ങുകയാണ് പ്രചാരണത്തിന്റെ അവസാന ദിനങ്ങൾ. മൂന്ന് സ്ഥാനാർത്ഥികളും വോട്ടർമാരെ ഒരിക്കൽ കൂടി കാണാനുള്ള ഓട്ടപ്രദക്ഷണത്തിലാണ്. സന്ദീപിന്റെ വരവ് തിരഞ്ഞെടുപ്പിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ടെന്ന് രാഹുൽമാങ്കൂട്ടത്തിൽ. തിരഞ്ഞെടുപ്പിൽ ഇതൊന്നും പ്രതിഫലിക്കില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിൻ.
ഒരു മിനിറ്റ് കൊണ്ട് നിലപാട് മാറ്റിയതിൽ സരിനും സന്ദീപും ഒരുപോലെയെന്ന് എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാർ പറയുന്നു. ഞായറാഴ്ച ആയതിനാൽ പള്ളികൾ കേന്ദ്രീകരിച്ചും സ്ഥാനാർത്ഥികൾ വോട്ട് അഭ്യർത്ഥിച്ചു. ഒരുമാസം നീണ്ട പ്രചാരണത്തിന്റെ ഊർജ്ജവും ആവേശവും നാളെ കലാശക്കൊട്ടിലും തെളിയും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത പോലീസുരക്ഷയുണ്ടാകും. ഇനി പന്ത് വോട്ടർമാരുടെ കോർട്ടിലാണ്. ആരായിരിക്കും എംഎൽഎ കപ്പിൽ മുത്തമിടുന്നത്.