KeralaTop News

അവസാന അഭയകേന്ദ്രം ബിജെപിയാണെന്ന ചിന്താഗതി സന്ദീപ് വാര്യർ കോൺഗ്രസിൽ വന്നതോടുകൂടി മാറി; പികെ കുഞ്ഞാലികുട്ടി

Spread the love

ബിജെപിയാണ് അവസാന അഭയകേന്ദ്രം എന്ന ചിന്താഗതിക്കാണ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതോടുകൂടി മാറ്റം വന്നത്, അതിന്റെ തുടക്കം കേരളത്തിൽ നിന്നാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി. മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷൻ പാണക്കാട്​ സാദിഖലി തങ്ങളും സന്ദീപ് വാര്യരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി കോൺഗ്രസിന്റെ ഉയർത്തെഴുനേൽപ്പിന്റെ കാലമാണ് വരാൻ പോകുന്നത്. സന്ദീപിന്റെ കോൺഗ്രസിലേക്കുള്ള വരവ് വാർത്തമാധ്യമങ്ങൾ വമ്പിച്ച പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്തത്. ഇന്നലെ പാലക്കാട് നടന്ന പരിപാടി ഇതുവരെ കാണാത്ത രീതിയിലുള്ള ആവേശമാണ് തന്നതെന്നും പികെ കുഞ്ഞാലികുട്ടി കൂട്ടിച്ചേർത്തു

സന്ദീപിന്റെ വരവ് ദേശീയമായി പ്രാധാന്യമുള്ള ഒന്നാണ്. വിഭാഗീയമായ ചിന്തകളിൽ മനം മടുത്തെന്ന് അദ്ദേഹം പറഞ്ഞിരുന്നു അതിനെയാണ് കോൺഗ്രസ് സ്വാഗതം ചെയ്തത്. അവസാന അഭയകേന്ദ്രം ബിജെപി അല്ല. ഇന്ത്യയെ രക്ഷിക്കാൻ കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും സാധിക്കൂമെന്നാണ് ഇന്ന് ഇവിടെ കുറിച്ച മാറ്റത്തിന്റെ അർത്ഥം. ഇനിയും ഒരുപാട് പേർ കോൺഗ്രസിലേക്ക് വരും അക്കാര്യത്തിൽ ഒരു സംശയവും ഇല്ല, കുഞ്ഞാലികുട്ടി വ്യക്തമാക്കി.

അതേസമയം, മലപ്പുറവുമായിട്ടുള്ളത്​ പൊക്കിൾകൊടി ബന്ധമാണെന്നും മലപ്പുറത്തി​ന്റെ സന്ദേശവും പാരമ്പര്യവും മതനിരപേക്ഷതയുടേതാണെന്നും സന്ദീപ് വാര്യർ പാണക്കാട്​ സാദിഖലി തങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.

“കേരളത്തിനും രാജ്യത്തിനും ലോകത്തിനും തന്നെ മാതൃകയായിട്ടുള്ള മതസൗഹാർദത്തിന്​ അടിത്തറ പാകിയത്​ ഈ കുടുംബമാണെന്ന്​ ഞാൻ വിശ്വസിക്കുന്നു. രാഷ്​ട്രീയത്തിനപ്പുറം കേരളത്തിലെയും രാജ്യത്തെയും എല്ലാവരും അംഗീകരിച്ച കാര്യമാണത്​​. അങ്ങാടിപ്പുറത്ത്​ തളി ക്ഷേത്രത്തിന്റെ വാതിൽ കത്തിനശിച്ചപ്പോൾ അവിടേക്ക്​ ആദ്യം ഓടിയെത്തുന്നത്​ പാണക്കാട്​ ശിഹാബ്​ തങ്ങളാണ്​. അതൊക്കെ വളരെ അത്ഭുതത്തോടെ കണ്ടുനിന്നിട്ടുണ്ട്​​.

കോൺഗ്രസിൽ അംഗത്വമെടുത്ത് അടുത്തദിവസം തന്നെ​ ഈ തറവാട്ടിലേക്ക്​ കയറിവരാൻ സാധിക്കുമ്പോൾ അങ്ങേയറ്റം ചാരിതാർഥ്യമുണ്ട്​. കഴിഞ്ഞകാലങ്ങളിൽ ബിജെപിയുടെ ഭാഗമായി നിന്നിരുന്ന സമയത്ത്​ പല കാര്യങ്ങളും ഞാൻ പറഞ്ഞിരുന്നു. അതിൽ പലർക്കും ഹൃദയവേദനയുണ്ടായിട്ടുണ്ടാകും. പാണക്കാ​ട്ടെ തങ്ങളുടെ അനുഗ്രഹം തേടിയുള്ള ഈ വരവ്​ അവർക്ക്​ ആശ്വാസം നൽകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. തെറ്റിദ്ധാരണകൾ മാറ്റാനും ഇത്​ സഹായകരമാകുമെന്ന്” സന്ദീപ് വാര്യർ പറഞ്ഞു.