KeralaTop News

കോഴിക്കോട് കോണ്‍ഗ്രസ് ഹര്‍ത്താല്‍ തുടങ്ങി; സ്വകാര്യ ബസുടമകള്‍ സഹകരിക്കും; വ്യാപാരി വ്യവസായികള്‍ സഹകരിക്കില്ലെന്ന് അറിയിച്ചു

Spread the love

കോഴിക്കോട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വന്‍ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സ്വകാര്യ ബസുടമകള്‍ ഹര്‍ത്താലിനോട് സഹകരിക്കുമെങ്കിലും വ്യാപാരി – വ്യവസായികള്‍ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കള്ളവോട്ട് സംബന്ധിച്ച വ്യാപക പരാതികള്‍ക്കും സംഘര്‍ഷത്തിനുമിടയായിരുന്നു ചേവായൂരില്‍ വോട്ടെടുപ്പ് നടന്നത്. സംഘര്‍ഷത്തിനിടെ നടന്ന കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത വിഭാഗത്തിന് ജയിച്ചു. സിപിഐഎം പിന്തുണയോടെയാണ് വിമത വിഭാഗം ഭരണം പിടിച്ചത്. ബാങ്ക് ചെയര്‍മാനായി അഡ്വ. ജി.സി പ്രശാന്ത് കുമാര്‍ തുടരും.

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് കോണ്‍ഗ്രസ് ആരോപിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.