KeralaTop News

കാംകോയെ രക്ഷിച്ചത് എന്‍ പ്രശാന്ത്, എം ഡിയായി അദ്ദേഹത്തെ പുനര്‍നിയമിക്കണം; ഒറ്റക്കെട്ടായി ആവശ്യം മുന്നോട്ടുവച്ച് കാംകോ ജീവനക്കാര്‍

Spread the love

സസ്‌പെന്‍ഷനിലുള്ള എന്‍ പ്രശാന്ത് ഐഎഎസിനെ അനുകൂലിച്ച് കാംകോ ജീവനക്കാര്‍. കാംകോ എം.ഡിയായി എന്‍. പ്രശാന്തിനെ പുനര്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്‍പില്‍ ജീവനക്കാരുടെ ഭീമന്‍ പരാതി. 468 ജീവനക്കാരാണ് പ്രശാന്തിനായി പരാതിയില്‍ ഒപ്പിട്ടത്.

സസ്‌പെന്‍ഷനിലായിരിക്കുന്ന കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിനായി കാംകോ ജീവനക്കാര്‍ ഒറ്റക്കെട്ടായാണ് മുഖ്യമന്ത്രിയെ സമീപിക്കുന്നത്. കേരള അഗ്രോ മിഷനറി കോര്‍പ്പറേഷന്‍ എന്ന കാംകോയുടെ എം.ഡിയായി രണ്ടര മാസം മുന്‍പാണ് എന്‍ പ്രശാന്തിനെ നിയമിച്ചത്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ ഇതേസ്ഥാനം വീണ്ടും നല്‍കണമെന്നാണ് ആവശ്യം. ആവശ്യമുന്നയിച്ച് 468 പേര്‍ ഒപ്പിട്ട ഭീമന്‍ പരാതി മുഖ്യമന്ത്രിക്ക് അയച്ചു. വകുപ്പിലെ വലിയ വിഭാഗം ജീവനക്കാരുടെയും പിന്തുണ എന്‍ പ്രശാന്തിനുണ്ട്. സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള സംഘടനകളും എന്‍ പ്രശാന്തിനെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു. കൊവിഡ് മൂലം പ്രതിസന്ധിയിലായ കാംകോയ രക്ഷിച്ചത് ചുരുങ്ങിയ കാലം കൊണ്ടുള്ള എന്‍ പ്രശാന്തിന്റെ ഇടപെടല്‍ എന്നാണ് ജീവനക്കാരുടെ പക്ഷം.

വകുപ്പിന്റെ ഉയര്‍ച്ചയ്ക്കായി ദീര്‍ഘവീക്ഷണത്തോടെ എന്‍ പ്രശാന്ത് തുടങ്ങിവച്ച പദ്ധതികള്‍ പാതിവഴിയിലെന്ന് കത്തില്‍ പറയുന്നു. ഇത് പൂര്‍ത്തീകരിക്കാന്‍ എം.ഡിയായി എന്‍ പ്രശാന്തിന്റെ തന്നെ സേവനം ആവശ്യമെന്നാണ് ജീവനക്കാര്‍ പറയുന്നത്. കാംകോയുടെ സംസ്ഥാന വിവിധ ഓഫീസുകള്‍ക്ക് മുന്‍പില്‍ എന്‍ പ്രശാന്തിനെ അനുകൂലിച്ച് നേരത്തെ പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകുമായി ഉണ്ടായ തര്‍ക്കമാണ് എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷനിലേക്ക് വഴിവച്ചത്. എ. ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി എന്‍. പ്രശാന്ത് രംഗത്തെത്തിയിരുന്നു. ഫയലുകള്‍ കാണുന്നതിലും നോട്ട് രേഖപ്പെടുത്തുന്നതിലും എന്‍ പ്രശാന്തിനെ വിലക്കി എ. ജയതിലക് പുറപ്പെടുവിച്ച ഉത്തരവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ കത്ത് എന്നതും ശ്രദ്ധേയമാണ്.