എല്ലാക്കാലത്തും സ്‌നേഹത്തിന്റെ കടയില്‍ ഉണ്ടാകണം, അടുത്ത ഇലക്ഷൻ സമയത്ത് വെറുപ്പിന്റെ കടയിൽ മെമ്പർഷിപ്പ് എടുക്കാൻ പോകരുത്; സന്ദീപ് വാര്യർക്ക് ഒളിയമ്പുമായി കെ മുരളീധരന്‍
സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയത് നല്ലകാര്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രണ്ടാഴ്ച മുൻപ് സന്ദീപ് പാർട്ടിയിലേക്ക് വന്നിരുന്നുവെങ്കിൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന് പോകാമായിരുന്നു. കാരണം അത്രയേറെ അദ്ദേഹം രാഹുലിനെ വിമർശിച്ചയാളാണെന്ന്
കെ മുരളീധരൻ പറഞ്ഞു.
”രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ സന്ദീപ് അന്ന് പറഞ്ഞത് കാശ്മീരിലേക്കല്ല ആന്ഡമാൻ നിക്കോബാറിലേക്കാണ് യാത്ര നടത്തേണ്ടതെന്നായിരുന്നു. അവിടെ സവർക്കറെ തടവിൽ പാർപ്പിച്ച മുറിയിൽ പോയി നമസ്കരിച്ച് ക്ഷമാപണം നടത്തണമെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്.അങ്ങിനെയുള്ള സന്ദീപ് വാര്യർ രണ്ടാഴ്ച മുൻപ് വയനാട്ടിൽ പ്രിയങ്ക ഗാന്ധിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നുവെങ്കിൽ രാഹുൽ ഗാന്ധിയോട് ചെയ്ത തെറ്റിന് ക്ഷമാപണം ആകുമായിരുന്നു. മറ്റ് പല പാർട്ടികളും നോക്കി നടക്കാതെ സന്ദീപ് ഇപ്പോൾ കോൺഗ്രസിലേക്ക് വന്നു, അത് നല്ല കാര്യമാണ്.സ്വാഗതം ചെയ്യുന്നു. ഈ സ്നേഹത്തിന്റെ കടയിലെ മെമ്പർഷിപ്പ് സന്ദീപ് എന്നും നിലനിർത്തണം, അല്ലാതെ അടുത്ത അസംബ്ലി ഇലക്ഷന്റെ സമയത്ത് വെറുപ്പിന്റെ കടയിൽ വീണ്ടും മെമ്പർഷിപ്പ് എടുക്കാൻ പോകരുത് മുരളിധരൻ വ്യക്തമാക്കി.
സന്ദീപ് പണ്ട് പറഞ്ഞ പല കാര്യങ്ങളും ബിജെപിക്ക് വേണ്ടി പറഞ്ഞതാണ്. ഇനി അതൊക്കെ കഴിഞ്ഞ കാര്യമാണ്. ഞങ്ങളോടൊപ്പം നിന്ന പല നേതാക്കന്മാരും ബിജെപിയിലേക്ക് പോയല്ലോ അപ്പോ അവിടുന്ന് ഒരാൾ ഇങ്ങോട്ട് വരുമ്പോൾ അവരുടെ പഴയകാല ചരിത്രത്തെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, സന്ദീപ് വാര്യരെ പരിഹസിച്ചായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയത്. കോൺഗ്രസിൻ്റെ പരാജയത്തിൻ്റെ ആഴം എത്രമാത്രമുണ്ട് എന്നതിൻ്റെ തെളിവാണ് സന്ദീപിനെ സ്വീകരിച്ചതെന്നും മൊഹബത് കാ ദൂക്കാനിൽ’ വലിയ കസേരകൾ കിട്ടട്ടെ എന്നും സുരേന്ദ്രൻ പരിഹസിച്ചു.വി ഡി സതീശൻ ശ്രീനിവാസൻ കൊലപാതകികളുമായി കൂടിക്കാഴ്ച നടത്തിയ ദിനം തന്നെയാണ് ഈ തീരുമാനം സന്ദീപ് എടുത്തത്. ഈ പോക്ക് കേരളത്തിലോ ബിജെപിക്ക് അകത്തോ ഒരു ചലനവും ഉണ്ടാക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.