NationalTop News

നരേന്ദ്ര മോദിക്ക് ജോ ബൈഡനെപ്പോലെ ഓര്‍മക്കുറവ്, പരിഹസിച്ച് രാഹുല്‍ ഗാന്ധി

Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെപ്പോലെ ഓര്‍മ നശിച്ച് തുടങ്ങിയെന്ന് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ അമരാവതിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ താരതമ്യം. ഉച്ചകോടികളില്‍ പങ്കെടുക്കമ്പോള്‍ ലോക നേതാക്കളുടെ പേരുകള്‍ തന്നെ മറന്നതിന്റെ പേരില്‍ ബൈഡന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സമാന അവസ്ഥയാണ് മോദിക്കും എന്നാണ് രാഹുലിന്റെ പരിഹാസം.

മോദി ജിയുടെ പ്രസംഗം കേട്ടുവെന്ന് എന്റെ സഹോദരി പ്രിയങ്ക അടുത്തിടെ എന്നോട് പറഞ്ഞു. ഞങ്ങള്‍ പറഞ്ഞ അതേ കാര്യങ്ങളാണ് കുറച്ച് നാളുകളായി മോദി ജിയും പ്രസംഗിച്ച് കൊണ്ടിരിക്കുന്നത്. എനിക്കറിയില്ല, ഒരുപക്ഷേ അദ്ദേഹത്തിന്റെ ഓര്‍മ ശക്തി നശിച്ചിരിക്കാം – രാഹുല്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഈയടുത്ത് യുക്രൈന്‍ പ്രസിഡന്റിന്റെ പേര് മറന്നിരുന്നു. റഷ്യന്‍ പ്രസിഡന്റിന്റെ പേരാണ് അദ്ദേഹം യുക്രൈന്‍ പ്രസിഡന്റിനെ വിളിച്ചത്. അതുപോലെ നമ്മുടെ പ്രധാനമന്ത്രിക്കും ഓര്‍മ നഷ്ടപ്പെടുകയാണ് – രാഹുല്‍ വിശദമാക്കി.

ബിജെപി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി എന്റെ പ്രസംഗങ്ങളില്‍ ഞാന്‍ പറയുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഭരണഘടനയെ ആക്രമിക്കുകയാണെന്നാണ് മോദി പറയുന്നത്. ജനങ്ങള്‍ രോഷാകുലരാകുന്നുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം, ഞാന്‍ ഭരണഘടനയെ ആക്രമിക്കുകയാണെന്നാണ്് ഇപ്പോള്‍ പറയുന്നത്. സംവരണത്തിന് രാഹുല്‍ഗാന്ധി എതിരാണെന്നും 50 ശതമാനം സംവരണപരിധി എടുത്തുകളയുമെന്ന് പറഞ്ഞിരുന്നുവെന്നുമാണ് നരേന്ദ്രമോദിയുടെ പ്രചരണങ്ങളെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ജാതി സെന്‍സസിന് മോദി എതിരാണെന്നും അല്ലായിരുന്നുവെങ്കില്‍ 7 വര്‍ഷം മുമ്പ് ജാതി സെന്‍സസ് നടത്തേണ്ടതായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.