ഉത്തർപ്രദേശ് മെഡിക്കൽ കോളേജിലെ തീപിടുത്തതിന് കാരണം ‘ഷോർട്ട് സർക്യൂട്ട്’; സ്ഥിരീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ഉത്തർപ്രദേശ് ത്സാൻസിയിലെ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അപകടത്തിൽപ്പെട്ട മറ്റ് കുട്ടികൾ സുരക്ഷിതരാണെന്നും ആരോഗ്യമന്ത്രിയും സംസ്ഥാന ഉപമുഖ്യമന്ത്രിയുമായ ബ്രജേഷ് പഥക് സംഭവം നടന്ന രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നുവെന്നും യോഗി പറഞ്ഞു.
ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ തീവ്ര പരിചരണ വിഭാഗത്തിലുണ്ടായ 10 നവജാത ശിശുക്കളാണ് വെന്തു മരിച്ചത്. പരുക്കേറ്റ 16 പേരടക്കം 37 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 10.30 യാണ് തീപിടുത്തം ഉണ്ടായത്. മരിച്ച 3 കുട്ടികളെ തിരിച്ചറിയാനായി DNA പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് പ്രതികരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ 12 മണിക്കൂറിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായമായി നൽകും. എന്നാൽ അശ്രദ്ധയും ഗുണനിലവാരമില്ലായ്മയുമാണ് അപകടത്തിന് കാരണമെന്നും ഉത്തരവാദികളായ എല്ലാവർക്കും ശിക്ഷ ഉറപ്പാക്കണമെന്നും സമാജ് വാദിപാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.