KeralaTop News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ആരോപണം; പിന്നാലെ സിപിഐഎം – കോൺഗ്രസ് സംഘർഷം, വോട്ടർമാർ തിരികെ മടങ്ങി

Spread the love

കോൺഗ്രസ് ഔദ്യോഗിക വിഭാഗവും വിമത വിഭാഗവും പരസ്പരം ഏറ്റുമുട്ടുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ കള്ളവോട്ട് ആരോപണത്തിൽ സിപിഐഎം കോൺഗ്രസ് സംഘർഷം. തുടർന്ന് വോട്ട് ചെയ്യാതെ വോട്ടർമാർ മടങ്ങുന്ന സാഹചര്യമാണ് ഉണ്ടായത്. നൂറുകോടി ആസ്തിയുള്ള ബാങ്കിൽ മുപ്പത്തി ആറായിരത്തോളം മെമ്പർമാരാണുള്ളത്.

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കോൺഗ്രസിന് അഭിമാന പോരാട്ടമാണ്. വർഷങ്ങളായി കോൺഗ്രസാണ് ഭരിച്ചിരുന്നത്. ഡിസിസിയുമായുള്ള ഭിന്നതയെ തുടർന്ന് നിലവിലെ ഭരണസമിതിക്കെതിരെ കോൺഗ്രസ് നടപടിയെടുത്തു. പിന്നാലെ ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിൽ സിപിഐഎം പിന്തുണയോടെ കോൺഗ്രസ് വിമതവിഭാഗം മത്സരത്തിനിറങ്ങുകയായിരുന്നു. പോളിങ്ങിന്റെ ആദ്യമണിക്കൂറിൽ തന്നെ കള്ളവോട്ട് ആരോപണമായി ഇരുവിഭാഗവും രംഗത്തെത്തി. പിന്നാലെയായിരുന്നു സിപിഐഎം കോൺഗ്രസ് സംഘർഷം. 36,000 ത്തോളം വോട്ടർമാരുള്ള ബാങ്കിൽ രാവിലെ എട്ടു മുതൽ വൈകിട്ട് നാലു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത പൊലീസ് സുരക്ഷയിലാണ് പറയഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്.