മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് തുടക്കം, ശബരിമല നട ഇന്ന് തുറക്കും
മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് പി എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരും ഇന്ന് ചുമതലയേല്‍ക്കും. ആദ്യദിവസമായ ഇന്ന് പതിനായിരം തീര്‍ത്ഥാടകരാണ് വെര്‍ച്വല്‍ ക്യൂ വഴി ശബരിമലയില്‍ എത്തുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആയിരിക്കും സന്നിധാനത്തേക്ക് പമ്പയില്‍ നിന്നുള്ള പ്രവേശനം.
ശബരിമലയില്‍ ഒരു ഭക്തനും ദര്‍ശനം നടത്താനാകാതെ മടങ്ങേണ്ടി വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു. കഴിഞ്ഞ പ്രാവശ്യത്തേതില്‍ നിന്നും വ്യത്യസ്തമായി 18 മണിക്കൂറാണ് തുടക്കം മുതലേ ഇക്കുറി ദര്‍ശന സമയമെന്നും ഭക്തര്‍ക്ക് പരമാവധി പേര്‍ക്ക് ദര്‍ശനം നല്‍കുക എന്നതാണ് ലക്ഷ്യം. അതിന് തുടക്കം മുതലേ തന്ത്രിയും മേല്‍ശാന്തിമാരും ഞങ്ങളോട് സഹകരിക്കുന്നുണ്ട്. ഭക്തര്‍ക്ക് ഒരു അസൗകര്യവുമുണ്ടാകാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത് – അദ്ദേഹം വ്യക്തമാക്കി.
മണ്ഡലകാലത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചിട്ടുണ്ട്. 9 ട്രെയിനുകളാണ് അധികമായി സര്‍വീസ് നടത്തുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 89 സര്‍വീസുകളാകും കേരളത്തിലേക്കും തിരിച്ചുമായി നടത്തുക. യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.