KeralaTop News

‘916 ഒറിജിനൽ വോട്ടറാണ്, ആധാരം കാണിച്ച് സൗമ്യ സരിൻ’; പ്രതിപക്ഷ നേതാവിന് പി സരിന്റെ മറുപടി

Spread the love

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിനും ഭാര്യ ഡോ സൗമ്യയും. തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്താണെന്നും വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ മനസിലാകുമെന്നും സരിൻ പറഞ്ഞു. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോടാണ് ഭാര്യയുമായെത്തി സരിൻ പ്രതികരിച്ചത്.

ഇരട്ട വോട്ടും വ്യാജ വോട്ട് തന്നെയാണ്. തനിക്ക് ഒരൊറ്റ വോട്ട് ഉള്ളൂ. വോട്ട് മാറ്റാൻ നഗരസഭ അന്യായമായി എന്ത് സഹായമാണ് ചെയ്തത് എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.2017 ൽ ഈ വീട് വാങ്ങി. 2020 ൽ വാടകയ്ക്ക് നൽകി. ഈ വീട്ട് വിലാസം നൽകിയാണ് വോട്ടർ പട്ടികയിൽ ചേർത്തത്. പാലക്കാടും ഒറ്റപ്പാലത്തുമായി താമസിച്ചു. അടുത്തിടെയാണ് സ്ഥിര താമസ വിലാസത്തിലേക്ക് വോട്ട് മാറ്റിയതെന്നും വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ ബോധ്യപ്പെടുമെന്നും സരിൻ പറഞ്ഞു.

2018 മുതൽ പാലക്കാട് താമസക്കാരനാണ്. 2020 ൽ കോവിഡ് കാലത്താണ് വോട്ട് ഒറ്റപ്പാലത്തേക്ക് മാറ്റിയത്. എപ്പോൾ വോട്ട് മാറ്റണം എന്ന് ഞാനാണ് തീരുമാനിക്കുന്നത്. ചേലക്കരയിലും ഒറ്റപ്പാലത്തും പാലക്കാടും വോട്ട് ചെയ്തിട്ടുണ്ട്. എവിടെയൊക്കെ പോകുന്നുണ്ട് അവിടേക്ക് ഒക്കെ വോട്ട് മാറ്റാറുണ്ടെന്നും സരിൻ പറഞ്ഞു.

അതേസമയം ഇങ്ങനെ പ്രതികരിക്കേണ്ടി വരുമെന്ന് കരുതിയില്ലെന്ന് ഭാര്യ ഡോ സൗമ്യയും പ്രതികരിച്ചു. വ്യാജ വോട്ടറെന്ന നിലയിൽ പ്രചരണം ഉണ്ടായി. വസ്തുതകൾ പരിശോധിക്കാതെ വീട്ടിലിരിക്കുന്നവരെ മോശം പറയുന്നത് ശരിയല്ല. ഞാൻ 916 വോട്ടർ. ഈ വീട് എന്റെ പേരിൽ താൻ വാങ്ങിയത്. ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഊഹിച്ച് വാങ്ങിയതല്ല. സ്വന്തം ജില്ലയിൽ വീട് വേണമെന്ന് കരുതി ലോൺ എടുത്ത് വാങ്ങിയതാണ്. തന്റെ വഴി രാഷ്ട്രീയമല്ല. താൻ രാഷ്ട്രീയം പറയാറില്ല. തുടക്കം മുതൽ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.