പൊതുരംഗത്ത് നില്‍ക്കുന്നവരെ മാനിക്കുന്നു, ഫേസ്ബുക്കിലൂടെ പറഞ്ഞതിന് അപ്പുറം പ്രതികരിക്കാനില്ല: രവി ഡിസി
സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ പറഞ്ഞതില്‍ അപ്പുറത്ത് തങ്ങള്‍ക്ക് ഒന്നും വിശദീകരിക്കാന്‍ ഇല്ലെന്ന് ഡിസി ബുക്‌സ് സിഇഒ രവി ഡിസി. പൊതുരംഗത്തുനില്‍ക്കുന്ന ആളുകളെ മാനിക്കുന്നുവെന്നും രവി ഡിസി പറഞ്ഞു. ഷാര്‍ജാ പുസ്തകോത്സവത്തില്‍ ഡിസിയുടെ സ്റ്റാളിലെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. പുസ്തകം താന്‍ എഴുതി ഡിസി ബുക്‌സിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന ഇ പി ജയരാജന്റെ വാദങ്ങളെ ഡിസി ബുക്‌സ് തള്ളുന്നില്ല. തങ്ങള്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള നിര്‍വാഹകര്‍ മാത്രമാണ്. തങ്ങള്‍ പൊതുപ്രവര്‍ത്തകരല്ല. പൊതുപ്രവര്‍ത്തകരെ ബഹുമാനിക്കുന്നതിനാല്‍ കൂടുതല്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും രവി ഡിസി കൂട്ടിച്ചേര്‍ത്തു.
ഇ പി ജയരാജന്റെ ആത്മകഥയുടെ പ്രസാധനം നീട്ടിവയ്ക്കുകയാണെന്നാണ് ഡിസി ബുക്‌സ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നത്. ‘കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണ്’. എന്ന് ഡിസി ബുക്‌സ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പ്രൊഫൈലില്‍ കുറിച്ചിരുന്നു.
പുറത്തുവന്ന ആത്മകഥയിലെ ഉള്ളടക്കം ഇപി ജയരാജന്‍ തള്ളിപറഞ്ഞിരുന്നു. പുറത്തുവന്ന കാര്യങ്ങള്‍ ഒന്നും പുസ്തകത്തിലില്ലാത്തതാണ്. ആത്മകഥ അച്ചടിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡിസിയെ ഏല്‍പ്പിച്ചിട്ടില്ല. ഡിസി ബുക്‌സിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കും. വാര്‍ത്തയ്ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. പുസ്തകം ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. വൈകാതെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.