ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: തുടര്‍നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു; ക്രിമിനല്‍ നടപടിയ്ക്ക് സാധ്യതയില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു;
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഫയല്‍ നീക്ക വിവരങ്ങള്‍ . ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള ഗുരുതര ആരോപണങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ലെന്ന് രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. ക്രിമിനല്‍ നടപടി ചട്ടം പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു റിപ്പോര്‍ട്ടിന്മേലുള്ള നടപടി വൈകിപ്പിച്ചതിന് സര്‍ക്കാരിന്റെ മറുപടി.
തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പൊലീസ് മേധാവിക്ക് നല്‍കിയെന്നും രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. വനിതാ കമ്മീഷനില്‍ പരാതി ലഭിച്ചിരുന്നുവെന്നും നോട്ടില്‍ പരാമര്‍ശമുണ്ട്. ഹേമ കമ്മിറ്റിയിന്‍ മേല്‍ ഒരു പരാതിയും ലഭിച്ചില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് പൊളിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
2017ലാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കുന്നത്. എന്നാല്‍ 2024ലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇക്കാലമത്രയും റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ അതിന്മേല്‍ അടയിരുന്നത് ആരെ സംരക്ഷിക്കാനാണെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ശക്തമായി ചോദിച്ചിരുന്നു. 2020 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്ന ചില ഫയല്‍ കൈമാറ്റങ്ങളുടെ നോട്ടുകളാണ് ലഭിച്ചത്. നോട്ടില്‍ മുഖ്യമന്ത്രിയും അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രിയും ഒപ്പുവച്ചിട്ടുമുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കോള്‍ഡ് ഫ്രീസറില്‍ വെച്ചതില്‍ മുന്‍ മന്ത്രിയ്ക്കും പങ്കെന്ന സൂചനയും ഈ രേഖകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. 2020 സെപ്റ്റംബര്‍ മാസം റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ക്കായി മന്ത്രി യോഗം വിളിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 2020 നവംബര്‍ 4നും,2021 ജനുവരി 9 നും യോഗം വിളിയിച്ചെങ്കിലും യോഗം കൂടാന്‍ കഴിഞ്ഞില്ലെന്നു ഉത്തരവില്‍ പറയുന്നു.