BusinessTop News

ട്രംപിൻ്റെ ചങ്ങാതിയാകാൻ അദാനി; അമേരിക്കയിൽ വമ്പൻ പദ്ധതി പ്രഖ്യാപിച്ചു: നിക്ഷേപം 10 ബില്യൺ ഡോളർ, 15000 പേർക്ക് ജോലി

Spread the love

അമേരിക്കയിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് പ്രസിഡന്റ് ഗൗതം അദാനി. അമേരിക്കയിൽ എനർജി സെക്യൂരിറ്റി, ഇൻഫ്രസ്ട്രക്ച്ചർ മേഖലയിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 15000 പേർക്ക് ജോലി ലഭിക്കുന്നതാണ് ഇതെന്നും ഗൗതം അദാനി പറഞ്ഞു.

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ജയിച്ചതിന് പിന്നാലെയാണ് ഗൗതം അദാനിയുടെ പ്രഖ്യാപനം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമായ സാഹചര്യത്തിൽ, അദാനി ഗ്രൂപ്പ് ആഗോളതലത്തിലെ അനുഭവസമ്പത്ത് അമേരിക്കയിലേക്ക് കൂടി എത്തിക്കുകയാണെന്ന് ഗൗതം അദാനി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

എന്നാൽ എന്ത് പദ്ധതിയാണ് തങ്ങളുടെ പരിഗണനയിലുള്ളതെന്നോ, എപ്പോഴത്തേക്ക് ഈ നിക്ഷേപം നടത്തുമെന്നോ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. ഇന്ന് തന്നെ രാവിലെ യൂറോപ്പിൽ നിന്നുള്ള നാല് നയതന്ത്ര പ്രമുഖർ അദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊർജ്ജ പദ്ധതികളെ അഭിനന്ദിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ, ജർമ്മനി, ഡെന്മാർക്ക്, ബെൽജിയം എന്നിവിടങ്ങളിൽ നിന്നുള്ള അംബാസഡർമാർ ഗുജറാത്തിൽ അദാനിയുടെ റിന്യൂവബിൾ എനർജി പ്ലാന്റുകളിൽ സന്ദർശനം നടത്തിയ ശേഷമാണ് കമ്പനിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രംഗത്ത് വന്നത്.