‘ഇ പി മനപ്പൂര്‍വ്വം പ്രചാരവേല സൃഷ്ടിക്കില്ല’, പ്രതികരണവുമായി ടി പി രാമകൃഷ്ണന്‍
ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഇ പി അങ്ങനെ ബോധപൂര്‍വം പ്രചാരവേല സൃഷ്ടിക്കുന്നയാളല്ലെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇ പി പറയാത്ത കാര്യങ്ങള്‍ ബുക്കിലുണ്ട് എന്ന് പറയുന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രകാശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കാര്യങ്ങള്‍ വിശദമാക്കേണ്ടത് ഇ പിയാണെന്നും പറഞ്ഞു. ഇ പി പറയുന്നതാണോ പ്രസാദകര്‍ പറയുന്നതാണോ വിശ്വസിക്കാന്‍ കഴിയുക എന്നത് പരിശോധനയില്‍ മാത്രമാണ് വ്യക്തമാകുവെന്നും അദ്ദേഹം പറഞ്ഞു. പരിപ്പുവടക്കും കട്ടന്‍ ചായയ്ക്കും ആരും എതിരല്ലെന്നും പാര്‍ട്ടി തീരുമാനം ആലോചിച്ച ശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ പി ജയരാജന്‍ എതിരായി ഉയര്‍ന്നു വന്നിട്ടുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞു. ആത്മകഥ എന്ന നിലയില്‍ അദ്ദേഹം ഒരു പുസ്തകം എഴുതുന്നുണ്ട്. അത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ പുസ്തകത്തില്‍ വന്നു എന്ന് പറയുന്ന ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ഇതുവരെയുള്ള എഴുത്തില്‍ വന്നിട്ടില്ല എന്ന കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കുന്നു. മാനിപ്പുലേറ്റ് ചെയ്ത ഒരു സംഭവമാണിത്. അദ്ദേഹത്തിന്റെ വിശദീകരണത്തോടെ തന്നെ ഇത് അവസാനിക്കേണ്ടതാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ നമ്മുടെ സംസ്ഥാനത്തെ ചാനലുകള്‍ ഈ വിഷയം പിന്നെയും തുടരുകയാണ്. ഇത് സദുദ്ദേശത്തോടെയല്ല – ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
രണ്ടാം പിണറായി സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ചാണ് ഇപി ജയരാജയന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍. പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തില്‍ പറയുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആത്മകഥയില്‍ പറയുന്നു.