KeralaTop News

‘വയനാടിനോട് വൈകാരിക ബന്ധം, വിവാദങ്ങളില്‍ പ്രതികരിക്കാനില്ല’; പ്രിയങ്ക ഗാന്ധി

Spread the love

മണ്ഡലത്തിലുടനീളം സഞ്ചരിക്കുമ്പോള്‍ ജനങ്ങളില്‍ നിന്നുള്ള സ്‌നേഹം തനിക്ക് ധാരാളം ലഭിച്ചുവെന്നും അതില്‍ സന്തുഷ്ടയാണെന്നും പ്രിയങ്ക ഗാന്ധി. തന്റെ സഹോദരന്റെ പ്രതിസന്ധിയില്‍ വയനാട് കൂടെ നിന്നുവെന്നും ഭാരത് ജോഡോ യാത്ര നടത്താനുള്ള കരുത്ത് അദ്ദേഹത്തിന് മണ്ഡലത്തിലെ ജനങ്ങള്‍ നല്‍കിയെന്നും പ്രിയങ്ക പറഞ്ഞു. ഭൂരിപക്ഷത്തെ കുറിച്ച് പ്രത്യേക കണക്കു കൂട്ടല്‍ ഇല്ലെന്നും ജനങ്ങള്‍ എന്ത് തീരുമാനം എടുത്താനും അതില്‍ തനിക്ക് സന്തോഷമായിരിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഇ പി ജയരാജന്റെ പുസ്തകത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്ന് തെരഞ്ഞെടുപ്പ് ദിനമാണ്. നിയമം ഞാന്‍ പാലിക്കേണ്ടതുണ്ട്. ഇന്ന് രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരിക്കാനില്ല – പ്രിയങ്ക വ്യക്തമാക്കി.

എല്ലാവരും വോട്ട് ചെയ്യണമെന്നും നല്ല നാളേക്ക് വേണ്ടിയാവണം വോട്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 35 വര്‍ഷമായി താന്‍ തെരഞ്ഞെടുപ്പ് പ്രചാരങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. പിതാവിന് വേണ്ടിയും മാതാവിന് വേണ്ടിയും സഹോദരന് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുമെല്ലാം ഇന്ത്യയിലുടനീളം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഞാന്‍ പങ്കെടുത്തതില്‍ ഏറ്റവും സന്തോഷകരവും ഭംഗിയേറിയതുമായ പ്രചാരണമാണിതെന്ന് പറയാനാകും – പ്രിയങ്ക ഗാന്ധി വിശദമാക്കി.