KeralaTop News

കർണാടകയിൽ നിന്ന് വയനാട്ടിലേക്ക് വോട്ട് ബസുമായി കർണാടക കോൺഗ്രസ്‌

Spread the love

കർണാടകയിൽ നിന്ന് വയനാട്ടിലേക്ക് വോട്ട് ബസുമായി കർണാടക കോൺഗ്രസ്‌. ബംഗളൂർ, ഹാസൻ മൈസൂർ എന്നിവിടങ്ങളിലെ വോട്ടർമാരെ വഹിച്ചുള്ള ബസ് വയനാട്ടിലേക്ക് പുറപ്പെട്ടു. 8 ബസുകളാണ് കർണാടക കോൺഗ്രസ്‌ യാത്രക്കൊരുക്കിയത്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷം കടക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

തിരഞ്ഞെടുപ്പ് പോരിൽ പ്രിയങ്കാ ഗാന്ധിയുടെ കന്നിയങ്കം. രാഹുൽ ഗാന്ധിയ്ക്ക് ലഭിച്ചതിനെക്കാൾ കൂടുതൽ ഭൂരിപക്ഷം എന്ന് യുഡിഎഫ് ഉറപ്പിക്കുന്നു. രാഹുൽ ഗാന്ധി ആനി രാജയെ തോൽപ്പിച്ചത് 3,64,422 വോട്ടിനായിരുന്നു. 59.7 ശതമാനം വോട്ടും രാഹുൽ നേടിയിരുന്നു. രാഹുൽ മണ‍്ഡലം ഒഴിഞ്ഞതോടെയാണ് പ്രിയങ്ക വയനാട്ടിലേക്കെത്തുന്നത്. രാഷ്ട്രീയത്തിനപ്പുറം വൈകാരികത നിറഞ്ഞ പ്രസംഗം കേട്ട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ. കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിക്കുമ്പോഴും സംസ്ഥാന സർക്കാരിനെതിരെയുള്ള ശബ്ദം നേർത്തതായിരുന്നു. പക്ഷേ മണ്ഡലത്തിലെ അടിസ്ഥാന വിഷയങ്ങൾ എല്ലാം പ്രിയങ്കയുടെ പ്രസംഗങ്ങളിലുണ്ടായി.

1354 പോളിങ്ങ് സ്റ്റേഷനുകളാണ് വയനാട് മണ്ഡലത്തിൽ സജ്ജമാക്കുന്നത്. ജില്ലയിൽ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകൾ പ്രത്യേക സുരക്ഷാ പട്ടികയിലുമുണ്ട്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വോട്ടുചെയ്യുന്നതിനായി മേപ്പാടി, ചൂരൽമല പ്രദേശങ്ങളിലായി പ്രത്യേക ബൂത്തുകൾ സജ്ജീകരിച്ചു. 14,71,742 വോട്ടർമാരാണ് വയനാട് മണ്ഡലത്തിലുള്ളത്.