രാഹുലും പ്രിയങ്കയും വയനാട്ടില്‍ ഇളക്കിവിട്ടത് വൈകാരികത മാത്രം, രാഷ്ട്രീയം പറഞ്ഞില്ല: സത്യന്‍ മൊകേരി
വയനാട്ടില്‍ കോണ്‍ഗ്രസ് പണവും മദ്യവുമൊഴുക്കിയെന്ന ആരോപണം ആവര്‍ത്തിച്ച് വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി. കര്‍ണാടകയില്‍ നിന്ന് വയനാട്ടിലേക്ക് പണവും മദ്യവും ഒഴുക്കുന്നുവെന്നാണ് സത്യന്‍ മൊകേരിയുടെ ആരോപണം. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാട്ടില്‍ ഇളക്കിവിടുന്നത് വൈകാരികത മാത്രമാണ്. പണമൊഴുക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷനും പൊലീസും ജാഗ്രത പാലിക്കണമെന്നും സത്യന്‍ മൊകേരി പറഞ്ഞു.
രാഹുലും പ്രിയങ്കയും രാഷ്ട്രീയം പറയുന്നില്ലെന്നും പൊതുബോധത്തില്‍ ആ കുടുംബത്തോടുള്ള വൈകാരിത ഇളക്കിവിടുന്ന പ്രസംഗമാണ് ഇരുവരും കലാശക്കൊട്ടിലും നടത്തിയതെന്നും സത്യന്‍ മൊകേരി പറഞ്ഞു. സഹോദരിയും സഹോദരനും തമ്മിലുള്ള വൈകാരിക ബന്ധം പറയുന്നതിന് അപ്പുറത്ത് രാഷ്ട്രീയമായി അവര്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല. വയനാട് ദുരന്തസമയത്ത് വിതരണം ചെയ്യാനെത്തിച്ച കിറ്റുകള്‍ അന്ന് വിതരണം ചെയ്യാതിരുന്നത് തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ ലക്ഷ്യം വച്ചാണെന്നും സത്യന്‍ മൊകേരി ആരോപിച്ചു.
വയനാടിനെക്കുറിച്ച് ഏറെ വൈകാരികമായി സംസാരിച്ച രാഹുല്‍ ഗാന്ധി ഇന്നലെ ഐ ലവ് വയനാട് എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചാണ് കൊട്ടിക്കലാശത്തിന് എത്തിയത്. വയനാടിന്റെ എംപിയായിരുന്ന കാലം തന്നെ വല്ലാതെ പരിവര്‍ത്തനം ചെയ്തെന്ന് രാഹുല്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ പദാവലിയില്‍ സ്നേഹം എന്ന വാക്ക് കൂട്ടിച്ചേര്‍ത്തത് വയനാടാണ്. ഇവിടെ നിന്നാണ് ഭാരത് ജോഡോ യാത്ര എന്ന സ്നേഹം കൊണ്ടുള്ള ഒരു പദയാത്രയ്ക്കുള്ള ആശയം ലഭിച്ചത്. സഹോദരിയെ തനിക്ക് നന്നായറിയാം. അവര്‍ തന്റെ കുട്ടികളെ എങ്ങനെ പരിപാലിക്കുമെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. അവളെ നിങ്ങള്‍ക്ക് തരികയാണെന്നും തന്റെ സഹോദരി പാര്‍ലമെന്റില്‍ വയനാടിനെ പ്രതിനിധീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.