വഖഫ് ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് പിണറായി വിജയൻ വ്യാജ വാഗ്ദാനം നൽകുന്നു’; പ്രകാശ് ജാവദേക്കർ
മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാമെന്ന് പിണറായി വിജയനും കോൺഗ്രസും വ്യാജ വാഗ്ദാനം നൽകുന്നുവെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയും കേരളത്തിന്‍റെ പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ. പ്രശ്‍നപരിഹാരം വേണമെങ്കിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയെ പിന്തുണയ്ക്കണം.
മുനമ്പം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ എൽഡിഎഫും യുഡിഎഫും ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ എൻഡിഎ സർക്കാർ കൊണ്ടുവന്നിട്ടുള്ള വഖഫ് നിയമ ഭേദഗതിയെ പിന്തുണക്കണം.
ഇന്ന് നിലവിലുള്ള 1995 ലെ വഖഫ് നിയമം ഏത് വസ്തുവിനെയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോർഡിന് നിയന്ത്രണമില്ലാത്ത അധികാരങ്ങൾ നൽകിയിട്ടുണ്ട്. ഇവിടെ സംസ്ഥാന സർക്കാരുകൾക്ക് ഒരു അധികാരവുമില്ല.
വഖഫ് ബോർഡിനുള്ള അമിതാധികാരവും എന്തും ചെയ്യാനുള്ള അവകാശവും എടുത്തു കളയാനും സുതാര്യത കൊണ്ടുവരാനുമാണ് ഈ നിയമഭേദഗതി.ഈ നിയമഭേദഗതിയെ എൽഡിഎഫും യുഡിഎഫും പിന്തുണക്കുന്നില്ല എങ്കിൽ അതിനർത്ഥം അവർ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ്- ജാവ്ദേക്കർ പ്രസ്താവനയിൽ പറഞ്ഞു.