Thursday, November 14, 2024
Latest:
KeralaTop News

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു; പി.പി ദിവ്യയുടെ ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത് കണ്ണപുരം പൊലീസ്

Spread the love

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യപ്രേരണ കേസിൽ പ്രതിയായ പി പി ദിവ്യക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ദിവ്യയുടെ ഭർത്താവ് വി പി അജിത്തിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. തന്നെയും കുടുംബത്തെയും അപമാനിക്കുന്നതിനായി വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നാണ് ദിവ്യയുടെ ആരോപണം.

മുഖ്യധാര മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വ്യാജ വാർത്തകൾ കെട്ടിച്ചമച്ചുവെന്നാണ് പി പി ദിവ്യയുടെ ആരോപണം. തന്നെയും കുടുംബത്തെയും അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമം ഉണ്ടായെന്നും ദിവ്യ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ദിവ്യയുടെ ഭർത്താവ് വി പി അജിത്ത് നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കണ്ണപുരം പൊലീസ് കേസെടുത്തത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, സമൂഹ മാധ്യമങ്ങിളിലൂടെയുള്ള വ്യക്തിഹത്യ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. എന്നാൽ പ്രതിയുടെ പേര് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടില്ല. താൻ പറയാത്ത കാര്യങ്ങൾ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പി പി ദിവ്യ നേരത്തെ ആരോപിച്ചിരുന്നു.

അതിനിടെ സ്ഥലം മാറ്റത്തിന് പിന്നാലെ ഫേസ്ബുക്കിൽ പരിഹാസ പോസ്റ്റുമായി കണ്ണൂർ വിജിലൻസ് സി ഐ ബിനു മോഹൻ രംഗത്തുവന്നു. പന്നികളോട് ഗുസ്തി കൂടരുതെന്ന് പണ്ടേ പഠിച്ചിട്ടുണ്ടെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയെ സഹായിക്കാൻ ശ്രമിച്ചുവെന്ന് ബിനു മോഹനെതിരെ ആരോപണം ഉയർന്നിരുന്നു. വിജിലൻസ് ടി വി പ്രശാന്തന്റെ മൊഴിയെടുത്തുവെന്ന കഥ ബിനു മോഹൻ ഉൾപ്പടെ ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആരോപണം. ന്യൂ മാഹി സ്റ്റേഷനിലേക്കാണ് ബിനു മോഹനെ സ്ഥലം മാറ്റിയത്.