എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷനില്‍ സന്തോഷമെന്ന് മേഴ്സിക്കുട്ടിയമ്മ, വിശദീകരണം ചോദിക്കാനാണ് സസ്‌പെന്‍ഷന്‍ എന്നും പ്രതികരണം
എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷനില്‍ സന്തോഷമെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജെ മേഴ്സിക്കുട്ടിയമ്മ. രണ്ട് ഉദ്യോഗസ്ഥര്‍ ഒന്നിച്ച് സസ്‌പെന്‍ഷനില്‍ ആയ സാഹചര്യം വ്യത്യസ്തമാണെന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രശാന്തിനോട് വിശദീകരണം ചോദിക്കാതെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് എന്ന ആരോപണത്തില്‍ വിശദീകരണം ചോദിക്കാനാണല്ലോ സസ്‌പെന്‍ഷന്‍ എന്ന മറുപടിയാണ് മേഴ്സിക്കുട്ടിയമ്മ നല്‍കിയത്.
കേരളീയ സമൂഹത്തെ എങ്ങനെ വര്‍ഗീയമായി വിഭജിക്കാന്‍ കഴിയുമെന്ന ശ്രമത്തിലാണ് സംഘപരിവാറെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഉദ്യോഗസ്ഥന്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഇതൊരു ഉദ്യോഗസ്ഥന്റെ മാത്രമായ പ്രശ്‌നമല്ല. സംഘപരിവാറിന്റെ കെണിയില്‍ മധ്യവര്‍ഗ്ഗം വീണു കൊടുക്കുന്നു. കേരളത്തിന്റെ മതസൗഹാര്‍ദം എങ്ങനെ തകര്‍ക്കാം എന്ന് ഗവേഷണം നടത്തുകയാണ് സംഘപരിവാര്‍.
ആ ശ്രമത്തെ പ്രതിരോധിക്കാനുള്ള കരുത്ത് കേരളത്തിന്റെ സമൂഹത്തിനുണ്ട് – അവര്‍ വിശദമാക്കി.
മുനമ്പം വിഷയം എന്തിനാണ് ഇങ്ങനെ വ്യാഖ്യാനിക്കുന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു. മുനമ്പത്ത് ജനങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. അവിടെ മത്സ്യത്തൊഴിലാളിയുടെ ഇറക്കിവിട്ടില്ല. എന്നിട്ടും എന്തിനാണ് സംശയം. മുനമ്പത്തേത് ജനങ്ങളുടെ ജീവിതപ്രശ്‌നമാണ്. തെരഞ്ഞെടുപ്പുമായി അതിനെ ബന്ധപ്പെടുത്തേണ്ട കാര്യമില്ല – അവര്‍ വ്യക്തമാക്കി.