KeralaTop News

ഞാന്‍ വാ പോയ കോടാലിയെങ്കില്‍ മുഖ്യമന്ത്രി തലയില്ലാത്ത തെങ്ങ്’ , മറുപടിയുമായി പി വി അന്‍വര്‍

Spread the love

വാ പോയ കോടാലി പോലെയാണ് അന്‍വര്‍ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി അന്‍വര്‍. തന്നെ വാ പോയ കോടാലി എന്ന് പറയുമ്പോള്‍ അദ്ദേഹം തലയില്ലാത്ത തെങ്ങായി മാറിയിട്ടുണ്ടെന്ന വസ്തുത മുഖ്യമന്ത്രിക്ക് മനസിലായിട്ടില്ലെന്നും അത് അദ്ദേഹത്തോട് അടുപ്പമുള്ള ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നും അന്‍വര്‍ പറഞ്ഞു. വാ പോയ കോടാലിക്ക് എത്രത്തോളം മൂര്‍ച്ചയുണ്ടെന്ന് 23ാം തിയതി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടുത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ 50 ശതമാനം വോട്ട് പിണറായിക്കെതിരെ എന്‍കെ സുധീറിന്റെ ഓട്ടോറിക്ഷ ചിഹ്നത്തില്‍ വീഴാന്‍ പോവുകയാണ്. സഖാക്കള്‍ അത് തുറന്ന് പറയുകയാണ്. ഈ തെരഞ്ഞെടുപ്പ് പിണറായിക്കെതിരെയുള്ള വോട്ടണാണെന്നും ഈ കുടുംബാധിപത്യം ഞങ്ങള്‍ ഇവിടെ അനുവദിക്കില്ലെന്നും അവര്‍ പറയുന്നു. എത്രയോ നേതാക്കന്‍മാര്‍ ഉണ്ടായിട്ടും മരുമകനാണല്ലോ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. മരുമകനാണ് അടുത്ത മുഖ്യമന്ത്രി. പാര്‍ട്ടിയുടെ ഉന്നതരായ നേതാക്കന്‍മാരെ മുഴുവന്‍ ചവിട്ടി നിര്‍ത്തിക്കൊണ്ട് എങ്ങനെയാണ് ഒരു മരുമകന്റെ കൈയിലേക്ക് ഇതൊക്കെ വരുന്നത്. എവിടെ കെ രാധാകൃഷ്ണന്‍, ആര്‍ ബിന്ദു എവിടെ ? തെരഞ്ഞെടുപ്പില്‍ എവിടെയെങ്കിലും നിങ്ങള്‍ കണ്ടോ? ഇല്ലല്ലോ? അപ്പോ എല്ലാം മരിമകനെ ഏല്‍പ്പിക്കുകയാണെന്ന് വ്യക്തമല്ലേ? – അന്‍വര്‍ വ്യക്തമാക്കി. എന്തിനാണ് ഈ വായില്ലാത്ത കോടാലിയെ ഇങ്ങനെ ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

യുഡിഎഫ് ഒരു വാ പോയ കോടാലിയെ പരോക്ഷമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ആ വിദ്വാന്‍ പ്രശ്നങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്നാണ് നോക്കുന്നത്. അതിന്റെ ഭാഗമായി എന്തും വിളിച്ചുപറയുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതിനെതിരെ ശ്രദ്ധയോടെ ഇരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.